ചെറുകിട ഫാര്‍മസികള്‍ പൂട്ടല്‍ ഭീഷണിയില്‍

Posted on: October 16, 2016 7:06 pm | Last updated: October 16, 2016 at 7:06 pm

MEDICINEദോഹ: വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ ശൃംഖലകള്‍ വിപുലീകരിച്ച് പ്രവര്‍ത്തിക്കുന്നത് ചെറുകിട ഇടത്തരം ഫാര്‍മസികളുടെ വരുമാനത്തെ വലിയതോതില്‍ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനാല്‍ പല ചെറുകിട ഫാര്‍മസികളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ലാഭത്തിലെ ഇടിവ് സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്നതായി ചെറുകിട ഫാര്‍മസി ഉടമകള്‍ ചൂണ്ടിക്കാട്ടി. പല ഫാര്‍മസികളുടെയും പ്രതിദിനവരുമാനം അയ്യായിരം റിയാലില്‍ താഴെയാണ്. സ്ഥാപനത്തിന്റെ വാടക, ജീവനക്കാരുടെ വേതനം, പ്രവര്‍ത്തനം ഉള്‍പ്പടെ ദൈനംദിനചെലവുകള്‍ക്കുപോലും വരുമാനം ലഭിക്കാതെ പല ഫാര്‍മസികളും പ്രതിസന്ധി നേരിടുന്നുണ്ട്. ജീവനക്കാരുടെ ശമ്പളത്തിനും പ്രവര്‍ത്തന ചെലവുകള്‍ക്കുമായി വലിയ പ്രയാസമാണ് ഉടമകള്‍ നേരിടുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും പ്രതികരിച്ചു. തൊഴിലാളികളുടെ ശമ്പളവും മറ്റു ചെലവുകളുമായി വരുമാനത്തെ താരതമ്യം ചെയ്യുമ്പോള്‍ സ്ഥാപനം നടത്തിക്കൊണ്ടുപോകുകയെന്നത് ശ്രമകരമാണന്നാണ് മിക്ക ഉടമകളും പ്രതികരിക്കുന്നത്. പലരും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
വാടക വര്‍ധനയും ഫാര്‍മസികളുടെ പ്രവര്‍ത്തനച്ചെലവുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. വലിയ വാടക കാരണം പല ചെറുകിട ഇടത്തരം ഫാര്‍മസികളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നതായി ദോഹയിലെ പ്രമുഖ ഫാര്‍മസി ഗ്രൂപ്പും സ്ഥിരീകരിച്ചു. മികച്ച വിപണനതന്ത്രങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രമോഷന്‍ ഉള്‍പ്പടെയുള്ളവയും ആവിഷ്‌കരിച്ചാല്‍ മാത്രമെ ഫാര്‍മസികള്‍ക്ക് നഷ്ടമില്ലാതെ നടത്തിക്കൊണ്ടുപോകാനാകൂവെന്ന സാഹചര്യമാണ്.
അടുത്തിടെയായി വിവിധ ഘട്ടങ്ങളിലായി സര്‍ക്കാര്‍ മരുന്നുകളുടെ വില കുറച്ചതും ചെറു ഫാര്‍മസികളുടെ ലാഭത്തില്‍ വലിയ കുറവുണ്ടാക്കി. മരുന്നുകളുടെ വില ഏകീകരിക്കുകയെന്ന ജി സി സി രാജ്യങ്ങളുടെ സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തും നിരവധി മരുന്നുകളുടെ വിലയില്‍ കുറവുണ്ടായത്. മരുന്ന് വില ഏകീകരിച്ചതോടെ ചെറുകിട ഫാര്‍മസികള്‍ക്ക് വിതരണക്കാരില്‍ നിന്നും കൂടുതല്‍ അളവില്‍ മരുന്ന് വാങ്ങാന്‍ കഴിയാതെ വരുന്നതിനാല്‍ മതിയായ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. വലിയ അളവില്‍ മരുന്ന് വാങ്ങുന്നതിലൂടെ കൂടുതല്‍ ആനുകൂല്യങ്ങളും വിലക്കിഴിവുമെല്ലാം വന്‍കിട ഫാര്‍മസികള്‍ക്ക് ലഭിക്കുന്നുണ്ട്. വലിയ അളവില്‍ മരുന്ന് വാങ്ങുന്നതിലൂടെ ബോണസായി കൂടുതല്‍ മരുന്നുകളും വലിയ ഫാര്‍മസികള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിലൂടെ വ്യാപാരത്തില്‍ ലാഭം നേടാനും വലിയ ഫാര്‍മസികള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ ചെറുകിട ഫാര്‍മസികള്‍ക്ക് ഈ സൗകര്യം ലഭിക്കുന്നില്ല.