ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

Posted on: October 16, 2016 8:10 pm | Last updated: October 16, 2016 at 11:41 pm

team-indiaധര്‍മശാല: ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 43.5 ഓവറില്‍ 190 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 101 പന്തുകളും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. 81 പന്തില്‍നിന്ന് 85 റണ്‍സെടുത്ത ഉപനായകന്‍ വിരാട് കോഹ്‌ലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. അജിങ്ക്യ രഹാനെ (33), നായകന്‍ എം എസ് ധോണി (21), മനീഷ് പാണ്ഡെ (17), രോഹിത് ശര്‍മ (14) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. കേദാര്‍ ജാദവ് പത്ത് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഓപണര്‍മാരായ രോഹിത് ശര്‍മയും രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താം ഓവറില്‍ രോഹിതിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബ്രേസ്‌വെലാണ് ആദ്യ വിക്കറ്റ് നേടിയത്. 26 പന്തുകളില്‍ ഒരു സിക്‌സും ബൗണ്ടറിയും നേടിയ രോഹിത് ഏറെ ക്ഷമയോടെയാണ് ബാറ്റ് ചലിപ്പിച്ചത്. സ്‌കോര്‍ 62ല്‍ നില്‍ക്കെ രഹാനെ മടങ്ങി. നീഷമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റോഞ്ചിക്ക് ക്യാച്ച്. രഹാനെ 34 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. പിന്നീട് കോഹ്‌ലിയും മനീഷ് പാണ്ഡെയും ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. സോധിയുടെ പന്തില്‍ വില്ല്യംസണിന് അനായാസ ക്യാച്ച് നല്‍കിയ പാണ്ഡെ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 102. മൂന്നാം വിക്കറ്റില്‍ ഇവര്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോഹ്‌ലിക്ക് കൂട്ടായി ധോണി എത്തിയതോടെ സ്‌കോറിംഗിന് വേഗമുയര്‍ന്നു. നാലാം വിക്കറ്റില്‍ നായകനും ഉപനായകനും ചേര്‍ന്ന് അറുപത് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ സ്‌കോര്‍ 162ല്‍ നില്‍ക്കെ ധോണി റണ്ണൗട്ടായി. തുടര്‍ന്ന് കേദാര്‍ ജാദവിനെ കൂട്ടുപിടിച്ച് കോഹ്‌ലി ടീമിനെ വിജയത്തിലെത്തിച്ചു. സോധിയെ സ്‌ട്രെയിറ്റ് സിക്‌സര്‍ പറത്തിയാണ് കോഹ്‌ലി വിജയം സമ്മാനിച്ചത്.
നേരത്തെ, ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ കിവികള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഒരുഘട്ടത്തില്‍ 65/7, 108/8 എന്ന നിലയിലായിരുന്നു കിവീസ്. തകര്‍ച്ചയിലും പതറാതെ പിടിച്ചുനിന്ന ടോം ലാഥത്തിന്റെയും (79*) ടിം സൗത്തിയുടെയും (55) അര്‍ധ സെഞ്ചുറി പ്രകടനാമാണ് സന്ദര്‍ശകരെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 98 പന്ത് നേരിട്ട ലാഥം ഏഴ് ബൗണ്ടറിയും ഒരു സിക്‌സുമടിച്ചപ്പോള്‍ 45 പന്തില്‍നിന്ന് ആറ് ബൗണ്ടറികളും മൂന്ന് സിക്‌സും നേടിയ സൗത്തി സ്‌കോറിംഗിന് വേഗത കൂട്ടി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (12), കെയ്ന്‍ വില്യംസണ്‍ (3), റോസ് ടെയ്‌ലര്‍ (0), കോറി ആന്‍ഡേഴ്‌സണ്‍ (4), ലൂക്ക് റാഞ്ചി (0), ജെയിംസ് നീഷം (10), മിച്ചല്‍ സാന്റ്‌നര്‍ (0), ബ്രേസ്‌വെല്‍ (15), സോധി (1) എന്നിങ്ങനെയായിരുന്നു മറ്റ് കിവീസ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഹാര്‍ദിക്ക് പാണ്ഡ്യയാണ് ന്യൂസിലാന്‍ഡ് ബാറ്റിംഗ് നിരയെ കശക്കിയത്. പാണ്ഡ്യയും അമിത് മിശ്രയും മൂന്ന് വീതവും ഉമേഷ് യാദവും കേദാര്‍ ജാദവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.