സമീപനത്തില്‍ വ്യത്യാസമുണ്ട്; നടപടിയിലും

കോടതി പരാമര്‍ശമുണ്ടായിട്ടും ബാബുവിന്റെ രാജിക്ക് അന്നത്തെ മുഖ്യമന്ത്രി അനുമതി കൊടുത്തിരുന്നില്ല. ബാബു നല്‍കിയ രാജിക്കത്ത് ഉമ്മന്‍ ചാണ്ടി കീശയിലിട്ട് കോടതി പരാമര്‍ശത്തിനെതിരെ അപ്പീല്‍ പോകുകയാണ് ഉണ്ടായത്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് മാണിക്ക് രാജിവെക്കേണ്ടി വന്നത്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രി ബന്ധുക്കളെ നിയമിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിയമം പോലും ഭേദഗതി ചെയ്ത് നിയമനം നടത്തുകയുണ്ടായി. ഇതില്‍ നിന്നെല്ലാം മൗലികമായി വ്യത്യസ്തമായ സമീപനമാണ് ബന്ധു നിയമന പ്രശ്‌നത്തില്‍ ഇടതുപക്ഷമുന്നണി ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇത് മാതൃകാപരമായ സമീപനമാണ്. ബി ജെ പി സര്‍ക്കാര്‍ കേന്ദ്രത്തിലും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതിനേക്കാള്‍ എത്രയോ വലിയ അഴിമതിക്കേസുകളില്‍പെട്ടിട്ടും ഒരാള്‍പോലും രാജിവെക്കുകയോ അതിനെതിരായി ശക്തമായ നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല എന്ന കാര്യം പകല്‍പോലെ വ്യക്തമായി നമ്മുടെ മുമ്പിലുണ്ട്.
Posted on: October 16, 2016 6:00 am | Last updated: October 15, 2016 at 11:33 pm

jayarajanബന്ധു നിയമനപ്രശ്‌നത്തില്‍ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയയരാജന്റെ രാജിയിലൂടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സദാചാരവും അതിന്റെ ധാര്‍രികശക്തിയുമാണ് പ്രകടമായിരിക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസുമൊക്കെ പ്രതിനിധാനം ചെയ്യുന്ന കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിച്ചിരുന്നതും ഇപ്പോള്‍ നിലനില്‍ക്കുന്നതുമായ സര്‍ക്കാറുകള്‍ അഴിമതിക്കാരെ സംരക്ഷിക്കുകയും എല്ലാവിധ സദാചാരമൂല്യങ്ങളെയും കാറ്റില്‍ പറത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാട് ഉജ്ജ്വലപ്രകാശം പരത്തുന്നത്. കെ എസ് ഐയുടെ എം ഡിയായി യോഗ്യതകളില്ലാത്ത സുധീറിന് നിയമനം നല്‍കിയ വിവരം പുറത്തുവന്നതോടെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. യോഗ്യതയില്ലാത്ത ഒരാളെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയായി നിയമിച്ച വ്യവസായ വകുപ്പിന്റെ നടപടി നിമിഷങ്ങള്‍ക്കകം റദ്ദ് ചെയ്യിച്ചു. കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാറുകളില്‍ നിന്നും പ്രസക്തമായ വ്യത്യസ്തത ഈ നടപടിയിലൂടെ തന്നെ കേരളത്തിന്റെ ജനങ്ങള്‍ക്കുമുമ്പില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് പ്രകടിപ്പിച്ചു.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവാദമായ നിയമനങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. യു ഡി എഫ് കാലത്തെ വഴിവിട്ട നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കാനാണ് വിജിലന്‍സ് ഇപ്പോള്‍ തീരുമനിച്ചിട്ടുള്ളത്. കെ എം മാണിയുടെ മരുമകനെ ഷിബു ബേബിജോണിന്റെ പ്രതേ്യക സെക്രട്ടറിയായി നിയമിച്ചതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ബന്ധുവിനെ കേരള ഫീഡ്‌സിന്റെ എം ഡിയായി നിയമിച്ചതുമെല്ലാം അനേ്വഷണ പരിധിയില്‍ വരും.
അഴിമതിരഹിതവും സുതാര്യവുമായ ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അതിന്റെ പ്രഖ്യാപിത നിലപാടുകളില്‍ ഒരപഭ്രംശവും അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് ബന്ധു നിയമനപ്രശ്‌നത്തില്‍ വിജിലന്‍സ് അനേ്വഷണം ആരംഭിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തനിക്ക് സംഭവിച്ചുപോയ തെറ്റ് ഏറ്റുപറഞ്ഞ് ഇ പി ജയരാജന്‍ രാജിക്ക് തയ്യാറാകുകയും ചെയ്തു. ഈയൊരു ധാര്‍മികതയും തെറ്റുകളോട് വിട്ടുവീഴ്ചകളില്ല എന്ന സമീപനവും ബി ജെ പിയിലും കോണ്‍ഗ്രസിലും വലിയ അങ്കലാപ്പാണ് ഉണ്ടാക്കിയിട്ടുള്ളത്. വന്‍കിട മാധ്യമങ്ങളുടെ സഹായത്തോടെ ബന്ധു നിയമനപ്രശ്‌നത്തെ നിമിത്തമാക്കി ഇടതുപക്ഷ ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാനുമുള്ള കോണ്‍ഗ്രസ്, ബി ജെ പി നേതാക്കളുടെ കുത്സിത നീക്കങ്ങളെല്ലാം അപഹാസ്യമായി തീര്‍ന്നിരിക്കുകയാണ്.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമറിയാതെ ഇങ്ങനെയൊരു നിയമനം നടക്കുമോ? കണ്ണൂര്‍ ലോബിയുടെ കരുത്തായ ഇ പിയെ തൊട്ടു കളിക്കുമോ? എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ചാനല്‍ ചര്‍ച്ചകളിലുടനീളം ഈ മാന്യന്മാര്‍ ആവര്‍ത്തിച്ചത്. എന്നാലിപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും വ്യത്യസ്തമായി തിരിച്ചറിയപ്പെടുന്ന ഒരു തെറ്റിനും മാപ്പില്ലെന്നും അത് തിരുത്തപ്പെടുകയും നിയമപരമായി നടപടിക്ക് വിധേയമാക്കപ്പെടുകയും ചെയ്യുമെന്ന കാര്യം ഒരു സംശയത്തിനും ഇടനല്‍കാത്ത രീതിയില്‍ ഇടതുപക്ഷ ഗവണ്‍മെന്റും സി പി എമ്മും വ്യക്തമാക്കിയിരിക്കുകയാണ്. ഈ മാതൃകയും മഹത്വവും കേരള ജനത തിരിച്ചറിയുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റേത് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമായിരുന്നു. ബാര്‍ കോഴ, സോളാര്‍, കടകമ്പള്ളി, കളമശ്ശേരി, പാറ്റൂര്‍ ഭൂമിയിടപാടുകള്‍ തുടങ്ങി അശ്ലീലകരവും കുറ്റകരവുമായ നിരവധി കുംഭകോണങ്ങളും അഴിമതികളുമാണ് നടന്നത്. അക്കാലത്തെ യു ഡി എഫ് മന്ത്രിസഭയില്‍ എട്ടോളം മന്ത്രിമാര്‍ക്കെതിരായി വിജിലന്‍സ് അനേ്വഷണം നടന്നിരുന്നു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്ന് യു ഡി എഫ് സ്വീകരിച്ച സമീപനം ഇതിന്റെ പേരില്‍ ആരും രാജിവെക്കേണ്ടതില്ല എന്നായിരുന്നല്ലോ.
കോടതി പരാമര്‍ശമുണ്ടായിട്ടും ബാബുവിന്റെ രാജിക്ക് മുഖ്യമന്ത്രി അനുമതി കൊടുത്തിരുന്നില്ലല്ലോ. ബാബു നല്‍കിയ രാജിക്കത്ത് മുഖ്യമന്ത്രി കീശയിലിട്ട് കോടതി പരാമര്‍ശത്തിനെതിരെ അപ്പീല്‍ പോകുകയാണല്ലോ ഉണ്ടായത്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ മാണിക്ക് രാജിവെക്കേണ്ടി വരികയാണല്ലോ ഉണ്ടായത്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രി ബന്ധുക്കളെ നിയമിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിയമം പോലും ഭേദഗതി ചെയ്ത് നിയമനം നടത്തുകയുണ്ടായി. ഇതില്‍ നിന്നെല്ലാം മൗലികമായി വ്യത്യസ്തമായ സമീപനമാണ് ബന്ധു നിയമന പ്രശ്‌നത്തില്‍ ഇടതുപക്ഷമുന്നണി ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇത് മാതൃകാപരമായ സമീപനമാണ്.
ബി ജെ പി സര്‍ക്കാര്‍ കേന്ദ്രത്തിലും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതിനേക്കാള്‍ എത്രയോ വലിയ അഴിമതിക്കേസുകളില്‍പെട്ടിട്ടും ഒരാള്‍പോലും രാജിവെക്കുകയോ അതിനെതിരായി ശക്തമായ നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടില്ല എന്ന കാര്യം പകല്‍പോലെ വ്യക്തമായി നമ്മുടെ മുമ്പിലുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഐ പി എല്‍ വാതുവെപ്പുകേസുമായി ബന്ധപ്പെട്ട്, നമ്മുടെ നിയമങ്ങളെ വെട്ടിച്ച് ലണ്ടനില്‍ കഴിയുന്ന ലളിത് മോദിക്കുവേണ്ടി ക്രമവിരുദ്ധമായി ഇടപെട്ടത് ചര്‍ച്ചചെയ്യപ്പെട്ടതാണല്ലോ. ഒരു നടപടിയും മോദിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. സുഷമാസ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ്കൗശല്‍ ആണ് ലളിത് മോദിയുടെ വക്കീലെന്നതും എടുത്തുപറയേണ്ടതാണ്.
ലളിത് മോദിയുമായി രാജസ്ഥാനിലെ ബി ജെ പി മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യക്കും അവരുടെ ഭര്‍ത്താവിനും മകള്‍ക്കുമുള്ള ബന്ധം കുപ്രസിദ്ധമാണ്. മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തില്‍ നേരിട്ടുള്ള പങ്കാണ് അവിടുത്തെ മുഖ്യമന്ത്രിയുടെ ഭാര്യക്കുള്ളത്. ബി ജെ പിയുടെ ഉന്നതനേതാക്കളും മുഖ്യമന്ത്രിയുടെ ബന്ധുക്കളും അടങ്ങിയ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും ബി ജെ പി മധ്യപ്രദേശില്‍ സ്വീകരിച്ചില്ല. ഛത്തീസ്ഗഢില്‍ ആദിവാസികളുടെ സബ്‌സിഡി അരി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കുംഭകോണത്തില്‍ അവിടുത്തെ മുഖ്യമന്ത്രിക്കുള്ള പങ്ക് പുറത്തുവന്നിട്ടും ഒരു നടപടിക്കും ബി ജെ പി നേതൃത്വം തയ്യാറായിട്ടില്ല.
കേരളത്തിലെ ചാനല്‍ മുറികളില്‍ വന്ന് വലിയ ദേശീയതയും അഴിമതി വിരുദ്ധതയുമൊക്കെ പറയുന്ന കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം നേതാക്കള്‍ക്ക് അധോലോക ക്രിമിനല്‍ ശക്തികളുമായുള്ള ബന്ധത്തെക്കുറിച്ച് എന്ത് വിശദീകരണമാണ് നല്‍കാനുള്ളത്. ഇന്ദിരാ ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കുവേണ്ടി ബി ജെ പി നേതാവും മുന്‍ എം പിയുമായ അഡ്വ. രാം ജെത്മലാനിയാണ് വാദിച്ചത്. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കുവേണ്ടിയും ഇതേ രാം ജെത്മലാനി കേസ് ഏറ്റെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ വക്കീല്‍ സുബ്രഹ്മണ്യം സാമിയാണല്ലോ. അദ്ദേഹം ഇപ്പോള്‍ ബി ജെ പിയുടെ എം . പി തന്നെയല്ലേ. കേന്ദ്ര ഭരണത്തില്‍ മോദിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഭോപ്പാല്‍ വിഷവാതകക്കേസിലെ പ്രതിയായ യൂനിയന്‍ കാര്‍ബൈഡിനുവേണ്ടി ഹാജരായ ആളല്ലേ. ഇതേ അരുണ്‍ ജെയ്റ്റ്‌ലി തന്നെയല്ലേ 30,000 കോടി രൂപയുടെ നികുതി വെട്ടിച്ച് രാഷ്ട്ര സമ്പത്ത് കവര്‍ന്ന വൊഡാഫോണ്‍ കമ്പനിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
സഹാറാഗ്രൂപ്പ് മേധാവി സുബ്രതോറോയിയുടെ അഴിമതിക്കേസ് വാദിക്കുന്നത് മറ്റൊരു ബി ജെ പി കേന്ദ്രമന്ത്രിയായ രവിശങ്കര്‍പ്രസാദാണ്. ഒരു വിധ രാഷ്ട്രീയ സദാചാരവും ധാര്‍മികതയുമില്ലാത്ത കോണ്‍ഗ്രസ്- ബി ജെ പി നേതാക്കളുടെ ഇടതുപക്ഷത്തിനെതിരായ ആക്രോശങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ കേരള ജനത തള്ളിക്കളയും. അഴിമതിരഹിതവും സുതാര്യവുമായ ഭരണം എന്ന ഇടതുപക്ഷ നിലപാടിനെ പ്രകാശമാനമാക്കുന്നതാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍.