ഹരിപ്പാട് മെഡി. കോളജ്: വിജിലന്‍സ് കേസെടുത്തു

Posted on: October 15, 2016 11:36 pm | Last updated: October 15, 2016 at 11:36 pm

vigilinceആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് അഴിമതിയില്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനീയറെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മറ്റ് ക്രമക്കേടുകളും വിജിലന്‍സ് പരിശോധിക്കും. നിലവില്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനീയ റെ മാത്രമാണ് കേസില്‍ പ്രതിയാക്കിയിട്ടുള്ളതെന്നും തെളിവുകള്‍ ലഭിച്ചാല്‍ മറ്റുള്ളവരെയും ഉള്‍പ്പെടുത്തുമെന്നും വിജിലന്‍സ് എസ് പി. എന്‍ സുരേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് എട്ടി നാണ് ഹരിപ്പാട് മെഡിക്കല്‍കോളജ് കണ്‍സല്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട് ത്വരിത പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്. കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. ത്വരിത പരിശോധനയില്‍ പരാതികള്‍ സത്യമാണെന്ന് ബോധ്യമായതോടെയാണ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറെ മുഖ്യപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വിജിലന്‍സ് അറിയിച്ചു.
2015 ജനുവരി ഏഴിനാണ് കണ്‍സള്‍ട്ടന്‍ സി കരാര്‍ നല്‍കാന്‍ തീരുമാനമായത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു കൊച്ചി ആസ്ഥാനമായ ആര്‍ക്കിമാട്രിക്‌സ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. കുറഞ്ഞ തുകക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായ കമ്പനിയെ തഴഞ്ഞാണ് ആര്‍ക്കിമാട്രിക്‌സിന് നല്‍കിയതെന്നാണ് ആരോപണം.