പ്രകാശവും കണികയും തമ്മിലുള്ള പുതിയ അവസ്ഥ കണ്ടുപിടിച്ച സംഘത്തില്‍ ഖത്വരി ഗവേഷകരും

Posted on: October 15, 2016 6:04 pm | Last updated: October 19, 2016 at 7:25 pm

mmദോഹ: പ്രകാശവും കണികയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ അവസ്ഥകള്‍ കണ്ടുപിടിച്ച ഗവേഷണ സംഘത്തിന്റെ ഭാഗമായി ഖത്വറും. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുടെ ഖത്വര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഖീരി), ജപ്പാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂനിക്കേഷന്‍സ് ടെക്‌നോളജി (എന്‍ ഐ സി ടി), നിപ്പോണ്‍ ടെലഗ്രാഫ് ആന്‍ഡ് ടെലിഫോണ്‍ കോര്‍പറേഷന്‍ (എന്‍ ടി ടി) എന്നിവ സംയുക്തമായാണ് ഗവേഷണം നടത്തിയത്. പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ നാച്വര്‍ ഫിസിക്‌സില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അറ്റോമിക് ക്ലോക്ക് തുടങ്ങിയ ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സമയ സംവിധാനങ്ങളും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഊര്‍ജക്ഷമതയുള്ള ആശയവിനിമയ സംവിധാനവും പ്രകാശത്തിന്റെയും കണികയുടെയും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നതാണ്. ഏതൊരു ഉപകരണത്തില്‍ നിന്നുമുള്ള പ്രകാശത്തിന്റെ ഒഴുക്കും വലിച്ചെടുക്കലും കണികയും പ്രകാശവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇവിടെയുള്ള ചോദ്യം പ്രകാശവും കണികയും തമ്മിലുള്ള ബന്ധം എത്രമാത്രം ശക്തമായിരിക്കും എന്നതാണ്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലും ഈ മൗലിക ചോദ്യത്തിന് ഉത്തരമായിട്ടില്ല. പുതിയ സോളാര്‍ സെല്‍ സാമഗ്രികള്‍ വികസിപ്പിക്കുന്ന ഖീരിയുടെ ഗവേഷണത്തിനും കണികയും പ്രകാശവും തമ്മിലുള്ള ബന്ധം മനസ്സിലാക്കല്‍ അനിവാര്യമാണ്. ക്വാണ്ടം കമ്യൂനിക്കേഷന്‍, ക്വാണ്ടം സിമുലേഷനും കംപ്യൂട്ടേഷനും തുടങ്ങിയ ക്വാണ്ടം സാങ്കേതികവിദ്യകളുടെ വികസനത്തിനും ഈ കണ്ടുപിടുത്തം സഹായകരമാകും.
അതീവ ചാലക ശേഷിയുള്ള സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ച് പുതിയ അവസ്ഥ കണ്ടുപിടിക്കുന്നതിനുള്ള സിദ്ധാന്താധിഷ്ഠിത അന്വേഷണങ്ങള്‍ ഖീരിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. സാഹില്‍ അശ്ഹബ് നടത്തിയിരുന്നു. എന്‍ സി റ്റിയിലെയും എന്‍ റ്റി റ്റിയിലെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച ഉപകരണങ്ങളുടെ സഹായത്തോടെ എന്‍ ഐ സി റ്റിയിലെ അദ്ദേഹത്തിന്റെ സഹശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയിരുന്നു. കടന്നുപോകാനാകാത്ത പരിധിയെന്ന് ചിലര്‍ കരുതിയതിനപ്പുറത്തേക്ക് പോകാന്‍ ഈ സര്‍ക്യൂട്ടുകള്‍ കാരണമായതായി ഡോ. അശ്ഹബ് പറഞ്ഞു. പ്രകാശവും കണികയും തമ്മിലുള്ള ശക്തമായ ബന്ധം സാധ്യമാക്കുന്നതിന് പ്രകാശത്തിന്റെ വേഗത്തിലുള്ള പുറന്തള്ളലും വലിച്ചെടുക്കലും അനിവാര്യമാണ്. പ്രകൃതിപരമായി ഇതിന് പരിമിതികളുണ്ട്. എന്നാല്‍ കൃത്രിമമായി ശക്തമായ ബന്ധം സാധ്യമാക്കാനാകുമെന്ന് ഡോ. അശ്ഹബ് സൈദ്ധാന്തികമായി പറയുന്നു.
പ്രകാശവും കണികയും തമ്മിലുള്ള ബന്ധത്തിന്റെ കരുത്ത് ഒരു പരിധിക്കപ്പുറം വര്‍ധിപ്പിച്ചാല്‍ കണിക പുതിയ അവസ്ഥയിലേക്ക് രൂപാന്തരപ്പെടുമെന്നാണ് 40 വര്‍ഷം മുമ്പ് പ്രവചിച്ചിരുന്നത്. അസാധാരണ തന്മാത്ര അവസ്ഥയില്‍ കണികകള്‍ ഫോട്ടോണുകളായി മാറുമെന്നായിരുന്നു അന്നത്തെ പ്രവചനം. യഥാര്‍ഥ അവസ്ഥകളില്‍ മാത്രമെ ഇത് സാധ്യമാകൂ എന്നതില്‍ അന്ന് മുതല്‍ ശാസ്ത്രജ്ഞരുടെ സംവാദവും തുടങ്ങി.
എന്നാല്‍ പുതിയ ഗവേഷണം പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. അത്യധികം ഉയര്‍ന്ന തോതില്‍ വെളിച്ചവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുന്ന ഇലക്ട്രിക് സര്‍ക്യൂട്ട് രൂപകല്പന ചെയ്തിരിക്കുകയാണ്. ഇതിലൂടെ നേരത്തെ പ്രവചിച്ച തന്മാത്ര അവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഡോ. അശ്ഹബ് പറഞ്ഞു.