ഖത്വര്‍, സഊദി പദ്ധതിക്ക് 60 രാഷ്ട്രങ്ങളുടെ പിന്തുണ

Posted on: October 15, 2016 6:01 pm | Last updated: October 15, 2016 at 6:01 pm

ദോഹ: കൂട്ടനരഹത്യയില്‍ നിന്ന് സിറിയയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ച് യു എന്‍ രക്ഷാ സമിതിയും അന്താരാഷ്ട്ര സമൂഹവും ഉത്തരവാദിത്തം നിറവേറ്റണമെന്ന ഖത്വറിന്റെയും സഊദി അറേബ്യയുടെയും ആവശ്യത്തിന് യു എന്നിലെ മറ്റ് 60 രാഷ്ട്രങ്ങളുടെ പിന്തുണ. സിറിയന്‍ നഗരമായ അലപ്പോയില്‍ നടക്കുന്ന ഗുരുതര നരഹത്യയില്‍ നടുക്കവും അരിശവും രേഖപ്പെടുത്തിയുള്ള 62 രാഷ്ട്രങ്ങള്‍ അംഗീകരിച്ച സന്ദേശം യു എന്നിലെ റഷ്യയുടെ സ്ഥിര പ്രതിനിധിക്കും രക്ഷാ സമിതി പ്രസിഡന്റിനും സമര്‍പ്പിച്ചിട്ടുണ്ട്.
അലപ്പോയിലെ അപകടകരമായ സൈനിക സാന്നിധ്യത്തെ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ അപലപിച്ചു. സിറിയന്‍ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തി കൂട്ടഹത്യയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള യോജിച്ച നടപടികള്‍ കൈക്കൊള്ളണമെന്ന രക്ഷാസമിതിയോട് യു എന്‍ സെക്രട്ടറി ജനറല്‍ നിര്‍ദേശിച്ചതിനെ 62 രാഷ്ട്രങ്ങളും പിന്തുണച്ചു.
അലപ്പോയിലെ കിഴക്കന്‍ ഭാഗത്ത് സമാധാനം പുനഃസ്ഥാപിക്കാനെന്ന പേരില്‍ സിറിയന്‍ ഭരണകൂടം കഴിഞ്ഞ മാസം 22ന് തുടങ്ങിയ ആക്രമണത്തെ അപലപിക്കുന്നുവെന്ന് സന്ദേശത്തില്‍ പറയുന്നു, വിനാശകാരിയായ ആയുധങ്ങളാണ് ഉപയോഗിക്കുന്നത്.
ആക്രമണങ്ങളില്‍ നിരവധി ദുരിതാശ്വാസ- ചാരിറ്റി പ്രവര്‍ത്തകരും നൂറിലേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് അരങ്ങേറുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ കാറ്റില്‍പറത്തി സാധാരണക്കാര്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ പോലും നിഷേധിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമൂഹവും രക്ഷാ സമിതിയും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. അലപ്പോയിലും സിറിയയിലെ മറ്റ് ഉപരോധിത പ്രദേശങ്ങളിലും നിരുപാധിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണം.
സിറിയയില്‍ സൈനിക പരിഹാരം നടക്കില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കണം. ജനീവ പ്രഖ്യാപനത്തിന്റെയും രക്ഷാ സമിതി പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പരിഹാരത്തിന് നിര്‍മാണാത്മക ശ്രമങ്ങള്‍ നടത്തണമെന്നും ലിഖിത സന്ദേശത്തില്‍ പറയുന്നു. കുവൈത്ത്, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാഷ്ട്രങ്ങളും സന്ദേശത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.