സിറിയയില്‍ പറക്കല്‍ നിരോധിത മേഖല പ്രഖ്യാപിക്കണമെന്ന് ഖത്വര്‍

Posted on: October 15, 2016 6:01 pm | Last updated: October 15, 2016 at 6:01 pm

ദോഹ: ഭൗമരാഷ്ട്രീയ കണക്കുകൂട്ടലുകള്‍ മാറ്റിവെച്ച് സിറിയന്‍ ജനതയുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രതിബദ്ധതയെ രക്ഷാ സമിതിയിലെ അംഗരാഷ്ട്രങ്ങള്‍ മാനിക്കണമെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ‘യു എന്നിന് എങ്ങനെ അലപ്പോയെ രക്ഷിക്കാം’ എന്ന ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രക്ഷാസമിതി അടിയന്തരമായി സിറിയയുടെ വടക്ക്, തെക്ക് മേഖലകളില്‍ സുരക്ഷിത അഭയകേന്ദ്രങ്ങള്‍ ഒരുക്കുകയും നിസ്സഹായരായ ജനതയെ സംരക്ഷിക്കാന്‍ നോ ഫ്‌ളൈ സോണ്‍ പ്രഖ്യാപിക്കുകയും വേണം. അല്ലാത്തപക്ഷം റുവാണ്ടയിലും ബോസ്‌നിയയിലും അന്താരാഷ്ട്ര സമൂഹത്തിന് വന്ന പരാജയം സിറിയയുടെ കാര്യത്തിലുമുണ്ടാകും. അടിസ്ഥാന നടപടികള്‍ക്ക് രക്ഷാ സമിതി പരാജയപ്പെടുകയാണെങ്കില്‍ 377എ പ്രമേയം നടപ്പാക്കാന്‍ യു എന്‍ പൊതുസഭ ആവശ്യപ്പെടണം. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന് ഒറ്റക്ക് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. വിദേശ ശക്തികളുടെ സഹായം അദ്ദേഹത്തിനുണ്ട്. ദുരന്തങ്ങള്‍ക്കും തകര്‍ച്ചക്കുമുള്ള ഉത്തരവാദിത്തം അവര്‍ക്കുമുണ്ട്. ചുവപ്പുവരകള്‍ നിരവധി തവണ അല്‍ അസദ് സംഘിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വെടിനിര്‍ത്തല്‍ കരാറുകള്‍ നിരവധി തവണയാണ് സിറിയന്‍ ഭരണകൂടം ലംഘിച്ചത്.
നിസംഗത പ്രകടിപ്പിക്കാന്‍ ലോകത്തിന് ഇനി സമയമില്ല. ഇനിയും അമാന്തം കാണിച്ചാല്‍ അലപ്പോയില്‍ പതിനായിരങ്ങള്‍ ഇനിയും മരിക്കും. റുവാണ്ടയും ബോസ്‌നിയയും ഇനിയും ആവര്‍ത്തിച്ചുകൂട. ഈ മാസം ആദ്യമാണ് ഖത്വര്‍ റെഡ് ക്രസന്റ് നടത്തുന്ന ആരോഗ്യ കേന്ദ്രം ഹെലികോപ്ടറില്‍ നിന്ന് ബോംബ് വര്‍ഷിച്ച് തകര്‍ത്തത്. തുടര്‍ന്ന് കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. നിലവിലെ ആക്രമണവും പോരാട്ടവും സിറിയന്‍ സര്‍ക്കാറും കൂട്ടാളികളും വരുത്തിവെച്ചതാണെന്ന യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞത് ശരിയാണ്. വിനാശകാരിയായ ആയുധങ്ങളാണ് അവിടെ ഉപയോഗിക്കുന്നത്. യുദ്ധക്കുറ്റമാണ് അവര്‍ ചെയ്യുന്നത്. സമാധാനപരമായ പ്രതിഷേധങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ സിറിയന്‍ പ്രതിസന്ധി തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ഓരോ ദിവസവും മരണസംഖ്യയും യുദ്ധക്കുറ്റങ്ങളും വര്‍ധിക്കുകയല്ലാതെ ഒരു മാറ്റവുമുണ്ടാകുന്നില്ല. അഞ്ച് ലക്ഷത്തോളം പേര്‍ മരിച്ചുവീണു. ബാരല്‍ ബോംബുകളില്‍ നിന്നും മറ്റും രക്ഷപ്പെട്ട് പത്ത് ലക്ഷം പേര്‍ രാജ്യംവിട്ടുപോയി. ഇതിന് മാറ്റമുണ്ടാകാനും സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും യു എന്‍ രക്ഷാ സമിതി ഇടപെടണമെന്നും ലേഖനത്തില്‍ പറയുന്നു.