വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതരെ കേസെടുത്തു

Posted on: October 15, 2016 1:17 pm | Last updated: October 15, 2016 at 7:39 pm
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കമുള്ളവരെ ആക്രമിച്ച സംഭവത്തില്‍ 10 അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തത്. സ്ത്രീകളെ അപമാനിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിന്റെ പരാതിയിലാണ് നടപടി.

വെള്ളിയാഴ്ച കോടതിമുറിക്കുള്ളില്‍ വച്ചാണു വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ഒരു സംഘം അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടത്. ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് കോടതി പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകരുടെ അക്രമം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കമാണ് ജഡ്ജിക്കു മുന്നില്‍വച്ച് അഭിഭാഷകര്‍ പുറത്താക്കിയത്. കോടതിക്കു പുറത്തു മാധ്യമപ്രവര്‍ത്തകര്‍ എത്തി ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം അഭിഭാഷകര്‍ ചാനല്‍ വാഹനങ്ങള്‍ക്കുനേരേ കല്ലേറും നടത്തി.