അഭിഭാഷകർ നിയമ ലംഘനം തുടർന്നാൽ സർക്കാർ നോക്കി നിൽക്കില്ല: മുഖ്യമന്ത്രി

Posted on: October 15, 2016 11:45 am | Last updated: October 15, 2016 at 6:12 pm

2016-10-15-10.48.39.jpg.jpgകൊച്ചി: കോടതികൾ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും അഭിഭാഷകർ മാധ്യമ പ്രവർത്തകർക്ക് എതിരായ അതിക്രമം തുടർന്നാൽ നോക്കി നിൽക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ ആര് കയറണം വേണ്ട എന്ന് തീരുമാനിക്കേണ്ടത് ജുഡീഷ്യറിയാണ്. ജുഡീഷ്യറിയുടെ ആ അധികാരം അഭിഭാഷകർ എടുത്തണിയേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണ്. ഇത് വകവെക്കാതെ അഭി ഭാഷകർ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അഭിഭാഷകർ നിയമ ലംഘനം തുടർന്നാൽ അത് ലംലിക്കപ്പെടാതിരിക്കാൻ നോക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇത് അഭിഭാഷകർ ഓർമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ മേഖലയിൽ കോർപ്പറേറ്റ് വത്കരണം ശക്തിപ്പെടുകയാണ്. കോർപറേറ്റുകൾക്ക് മാത്രം കൊണ്ട് നടക്കാവുന്ന വിധത്തിൽ മാധ്യമ രംഗം പ്രത്യേകിച്ചും ഇലക്ട്രോണിക് മാധ്യമ രംഗം  മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ മേഖലയിലെ ഈ കോർപ്പറേറ്റ് വത്കരണം  പൗരന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്.  മാധ്യമ മേഖലയിൽ തൊഴിൽ  പ്രതിസന്ധി ഉണ്ടാക്കാനും ഇത് കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കെ യു ഡബ്ലു ജെ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥി ആയിരുന്നു. മന്ത്രി ശ്രി കടന്നപ്പള്ളി രാമചന്ദ്രൻ , എം എൽ എ മാരായ ഒ രാജഗോപാൽ, ഹൈബി ഈഡൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം തുടരുകയാണ്.