Connect with us

Editorial

ജയരാജന്റെ രാജി

Published

|

Last Updated

“എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും” എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത് മുന്നണിയുടെ പരസ്യ വാചകം. പറയാന്‍ ഭംഗിയുള്ള വാചകമെന്നതിനപ്പുറം ആശയതലവും വിശ്വാസ്യതയും ഈ മുദ്രാവാക്യത്തിന് കൈവന്നത് അധികാരമൊഴിഞ്ഞ സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെയും അഴിമതിയുടെയും ജനവിരുദ്ധ സമീപനത്തിന്റെയും പശ്ചാതലത്തിലായിരുന്നു. സമൂലമായ ശരിയാക്കല്‍ ആവശ്യപ്പെടുന്ന നിലയില്‍ ഭരണരംഗം താറുമാറായിരുന്നു. നേരിയ ഭൂരിപക്ഷത്തില്‍ അധികാരം കൈയാളിയ ഒരു സര്‍ക്കാറില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത ക്രമക്കേടുകള്‍ അന്നുണ്ടായി. “ഖജനാവിന് ചില്ലിക്കാശ് നഷ്ടപ്പെട്ടിട്ടില്ലല്ലോ” എന്നായിരുന്നു എല്ലാറ്റിനും അന്നുയര്‍ന്ന ന്യായം. ഈ സാഹചര്യത്തിലാണ് ജനം ഇടതുമുന്നണിയെ നല്ല നിലയില്‍ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയത്. ജനങ്ങള്‍ നല്‍കിയ സന്ദേശം കൃത്യമായിരുന്നു. അഴിമതി അംഗീകരിച്ചുകൊടുക്കുന്ന പ്രശ്‌നമില്ല. എന്നാല്‍ ഇപ്പോള്‍ അഴിമതിയുടെ ഇരട്ട സഹോദരനായ സ്വജനപക്ഷപാതത്തിന്റെ പേരില്‍ പിണറായി വിജയന്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, വ്യവസായ മന്ത്രി ഇ പി ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഭാര്യാ സഹോദരിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാരെ കെ എസ് ഐ ഇ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് മതിയായ യോഗ്യതയില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണെന്നായിരുന്നു ആരോപണം. മാധ്യമങ്ങളില്‍ തെളിവുകള്‍ നിറയുകയും വിഷയം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ തന്നെ ജയരാജന്റെ വഴി പുറത്തേക്കാണെന്ന് വ്യക്തമായതാണ്.
എന്നാല്‍ പാര്‍ട്ടിയിലെ നടപടി കൊണ്ടും വകുപ്പുമാറ്റം കൊണ്ടും ഓട്ടയടക്കാന്‍ പോകുന്നുവെന്നാണ് പിന്നീട് കേട്ടത്. അത്തരം കടിച്ചു തൂങ്ങലിനും ന്യായീകരണത്തിനുമൊന്നും മുതിരാതെ രാജിവെക്കാന്‍ തയ്യാറായ ഇ പി ജയരാജനെയും രാജിവെപ്പിക്കാന്‍ തയ്യാറായ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അഭിനന്ദിക്കാതെ വയ്യ. ഇത്ര നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമുണ്ടായിട്ടും ജയരാജനെ സംരക്ഷിക്കാനായിരുന്നു ഭാവമെങ്കില്‍ അത് ഈ സര്‍ക്കാറിന് മേല്‍ ജനം അര്‍പ്പിച്ച വിശ്വാസത്തെ പൂര്‍ണമായി തകര്‍ക്കുന്നതാകുമായിരുന്നു. എഫ് ഐ ആര്‍ ഇട്ട് അന്വേഷണം തുടങ്ങിയിട്ടോ കോടതി പരാമര്‍ശം വന്നിട്ടോ ഒക്കെയാണ് രാജിയെങ്കില്‍ ഇടതുമുന്നണിക്ക് ഒരു മേന്‍മയും അവകാശപ്പെടാനുണ്ടാകുമായിരുന്നില്ല. എല്ലാ പ്രതിരോധവും അസ്തമിച്ച് അപഹാസ്യമായ പരിണതിയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അത് രാഷ്ട്രീയ ധാര്‍ഷ്ട്യമാകുമായിരുന്നു. പകരം ഉന്നത ധാര്‍മിക ബോധം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് യുക്തമായ തീരുമാനം തന്നെ കൈക്കൊണ്ടതോടെ ജനവിധിയുടെ അര്‍ഥം ഉള്‍ക്കൊള്ളുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരില്‍ ആരോപണത്തിന്റെ പെരുമഴ തന്നെ ഉണ്ടാകുകയും തലങ്ങും വിലങ്ങും വിജിലന്‍സ് അന്വേഷണം നടക്കുകയും കോടതി ഇടപെടുകയും ചെയ്തപ്പോഴും എന്താണ് സംഭവിച്ചിരുന്നതെന്ന് കേരളം കണ്ടതാണ്.
അഴിമതിവിരുദ്ധ പ്രഖ്യാപനവുമായി അധികാരത്തില്‍ വന്ന് അഞ്ച് മാസം പൂര്‍ത്തിയാക്കും മുമ്പ്, ഗുരുതരമായ ക്രമക്കേടിന്റെ പേരില്‍ ഒരു മന്ത്രിയെ നഷ്ടപ്പെടുന്നുവെന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ബന്ധുനിയമനങ്ങളില്‍ തന്നെ കൂടുതല്‍ ആരോപണങ്ങള്‍ ഉണ്ട് താനും. ജയരാജനെപ്പോലെ മുതിര്‍ന്ന ഒരു നേതാവ് തനിക്ക് തെറ്റു പറ്റിയെന്ന് കുമ്പസരിച്ചാല്‍ തീരുന്നതല്ല പ്രശ്‌നം. സമഗ്ര നിയമപരിശോധന നടക്കണം. എല്ലാ തലങ്ങളിലും ജാഗ്രത വേണം. അഴിമതി കേസില്‍ പെട്ട കഴിഞ്ഞ സര്‍ക്കാറിലെ പ്രമുഖര്‍ക്കെതിരെ ശക്തമായ നിയമനടപടി ആരംഭിച്ച ഘട്ടമാണിത്. ഈ സര്‍ക്കാറിന് മേല്‍ നിരവധി പ്രതീക്ഷകള്‍ ജനങ്ങള്‍ക്കുണ്ട്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച തടയുന്നതില്‍ ഇടതുപക്ഷത്തിന് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. അത്‌കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും മന്ത്രിസഭാ അംഗങ്ങളില്‍ നിന്നും കൂടുതല്‍ സൂക്ഷ്മത അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരനെ നിയോഗിക്കാനുള്ള തീരുമാനമാണ് ആദ്യം തര്‍ക്കങ്ങള്‍ക്ക് വിധേയമായത്. എത്രമാത്രം സൂക്ഷ്മമായാണ് സര്‍ക്കാറിന്റെ തീരുമാനങ്ങളെ ജനം വീക്ഷിക്കുന്നത് എന്നതിന് തെളിവായി ഇതിനെ സര്‍ക്കാര്‍ കാണേണ്ടതായിരുന്നു. ജനങ്ങളുടെ ഈ ജാഗ്രതയാണ് മാധ്യമങ്ങളിലും പ്രതിഫലിക്കുന്നത്.
ഇത് വരും നാളുകളിലും തുടരും. സര്‍ക്കാറിന്റെ ഓരോ ചുവടും അവധാനതയോടെയായിരിക്കണം. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ നിഷ്പക്ഷ അന്വേഷണം നടക്കണം. നിയമം നിയമത്തിന്റെ വഴിക്കെന്ന് പറഞ്ഞാല്‍ പോര. അത് പ്രവൃത്തിയില്‍ കാണണം. വിജിലന്‍സ് കൂട്ടിലടച്ച തത്തയാകരുത്. ആരോപണങ്ങളുടെയും വിവാദത്തിന്റെയും നട്ടുച്ചയില്‍ ജനപക്ഷ വികസന സ്വപ്‌നങ്ങള്‍ വാടിക്കരിയുന്ന സ്ഥിതിയുണ്ടാകരുത്. അത്തരമൊരു തുടര്‍ ജാഗ്രത ഉണ്ടെങ്കിലേ ഇപ്പോഴെടുത്ത ധീരമായ തീരുമാനം അര്‍ഥവത്താകുകയുള്ളൂ.

Latest