ഏക സിവില്‍കോഡ്: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് പിന്തുണ- ഐ എന്‍ എല്‍

Posted on: October 14, 2016 11:39 pm | Last updated: October 14, 2016 at 11:39 pm

കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് വേണ്ടി അഭിപ്രായം ആരാഞ്ഞ കേന്ദ്ര നിയമ കമ്മീഷനുമായി ബന്ധപ്പെട്ട നടപടികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് പിന്തുണ നല്‍കുന്നതായി ഐ എന്‍ എല്‍ അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ. സുലൈമാനും, ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവിലും അറിയിച്ചു.
മുസ്‌ലിം വ്യക്തിനിയമത്തില്‍ പ്രത്യേകമായി ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഹിന്ദുത്വം വിഭാവനം ചെയ്യുന്ന മതരാഷ്ട്രം ലക്ഷ്യമിട്ടാണ്. അപലപനീയമായ ഈ നീക്കത്തിനെതിരെ മതേതര ശക്തികള്‍ ഒരുമിക്കണം. മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം ഭരണഘടന വിഭാവനം ചെയ്യുന്ന മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങളെ അട്ടിമറിക്കാന്‍ ആര്‍ എസ് എസ് നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.