Connect with us

Gulf

നാസര്‍ ഇറാഖിക്കും അലി അഹ്മദിനും കതാറ നോവല്‍ പുരസ്‌കാരങ്ങള്‍

Published

|

Last Updated

നാസര്‍ ഇറാഖിക്ക് ഡോ.ഖാലിദ് ഇബ്‌റാഹിം അല്‍ സുലൈത്വി പുരസ്‌കാരം നല്‍കുന്നു

നാസര്‍ ഇറാഖിക്ക് ഡോ.ഖാലിദ് ഇബ്‌റാഹിം അല്‍ സുലൈത്വി പുരസ്‌കാരം നല്‍കുന്നു

ദോഹ: ദുബൈയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നാസര്‍ ഇറാഖിന്റെ അല്‍ അസ്ബാകിയക്കും അലി അഹ്മദ് അല്‍ രിഫാഇയുടെ മെറോ ഫാമിലി ജീന്‍സിനും രണ്ടാമത് കതാറ അറബിക് നോവല്‍ പുരസ്‌കാരങ്ങള്‍. പ്രസിദ്ധീകരിച്ച നോവല്‍ ഡ്രാമാ വിഭാഗത്തിലാണ് നാസര്‍ ഇറാഖിക്ക് പുരസ്‌കാരം ലഭിച്ചത്. പ്രസിദ്ധീകരിക്കാത്ത നോവല്‍ വിഭാഗത്തിലാണ് അഹ്മദ് അല്‍ രിഫാഇ പുരസ്‌കാത്തിന് അര്‍ഹനായത്. നാസര്‍ ഇറാഖിക്ക് രണ്ട് ലക്ഷം ഡോളറും അലി അഹ്മദിന് ഒരു ലക്ഷം ഡോളറും സമ്മാനമായി ലഭിക്കും. അറബിക് സാഹിത്യോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഒപേറ ഹൗസില്‍ നടന്ന ചടങ്ങില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ഇബ്‌റാഹിം അല്‍ സുലൈത്വി വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ നോവലുകള്‍, ഗവേഷണപഠനങ്ങള്‍ എന്നിവക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 1004 അപേക്ഷകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രസിദ്ധീകരിച്ചവയില്‍ ഏറ്റവും മികച്ച അഞ്ച് സൃഷ്ടികള്‍ക്ക് 60,000 ഡോളര്‍ വീതം സമ്മാനമായി നല്‍കി. ഇബ്‌റാഹിം നാസര്‍ (കിളിമഞ്ചാരോയുടെ ആത്മാവുകള്‍), ഇല്യാസ് ഖോരി (ഗിറ്റോയുടെ മക്കള്‍), ഇമാന്‍ ഹമേദാന്‍ (സ്വര്‍ഗത്തിന്റെ അന്‍പത് ഗ്രാം), നാസര്‍ ഇറാഖ് (അല്‍ അസ്ബാഖിയ), യഹിയ യഖലഫ്(വിന്‍ഡ് റൈഡര്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ആകെ മൂന്ന് ലക്ഷം ഡോളറാണ് സമ്മാനത്തുക.
പ്രസിദ്ധീകരിക്കാത്ത സൃഷ്ടികളില്‍ ഏറ്റവും മികച്ച അഞ്ചെണ്ണത്തിനും പുരസ്‌കാരങ്ങള്‍ നല്‍കി. സല്‍മി അല്‍ നാസര്‍ (നീലനാവുകള്‍), സാദ് മുഹമ്മദ് റഹീം (ഡിസയര്‍ ബാങ്ക്‌സ്), അലി അഹ്മദ് അല്‍ റിഫാഇ (മെറോ ഫാമിലി ജീന്‍സ്), മുഹമ്മദ് അല്‍ ഗാര്‍ബി ഉംറാന്‍ (ഉയരങ്ങളിലെ രാജ്ഞി), മുസ്തഫ അല്‍ ഹംദാവി (രാജകുമാരിയുടെ നിഴലുകള്‍) എന്നിവര്‍ക്കാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചത്. ഓരോരുത്തര്‍ക്കും 30,000 ഡോളര്‍ വീതമാണ് സമ്മാനമായി നല്‍കിയത്. ആകെ ഒന്നരലക്ഷം ഡോളറാണ് സമ്മാനത്തുക.
സാഹിത്യനിരൂപണം, ഗവേഷണം, വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കപ്പെടാത്ത മികച്ച അഞ്ചു പഠനങ്ങള്‍ക്കുള്ള പുരസ്‌കാരം ഡോ. ഇബ്‌റാഹിം അല്‍ ഹജ്‌രി, ഡോ.ഹസന്‍ അല്‍ മൗദാന്‍, ഡോ. ഹുസ്സം സഫാന്‍, ഡോ. സൊഹുര്‍ ഖറം, ഡോ. മുഹമ്മദ് അബബു അസ്സ എന്നിവര്‍ക്ക് ലഭിച്ചു. 15000 ഡോളര്‍ വീതമാണ് സമ്മാനം. ആകെ 75,000 ഡോളറാണ് സമ്മാനത്തുക. പ്രസിദ്ധീകരിക്കാത്ത മികച്ച അഞ്ച് യുവ നോവലുകള്‍ക്ക് 10,000 ഡോളര്‍ വീതം സമ്മാനമായി നല്‍കി. ആകെ 50000 ഡോളറാണ് സമ്മാനത്തുക. ആകെ 20 സൃഷ്ടികള്‍ക്ക് പുരസ്‌കാരം ലഭിച്ചു.
എല്ലാവര്‍ഷവും ഒക്ടോബര്‍ പതിമൂന്നിന് അറബിക് നോവല്‍ ദിനമായി ആചരിക്കണമെന്ന കതാറയുടെ ശിപാര്‍ശ ഡോ. അല്‍ സുലൈത്വി അറബ് ലീഗ് എജ്യൂക്കേഷനല്‍, കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് ഓര്‍ഗനൈസേഷന്‍ (അലെക്‌സോ) ജനറല്‍ മാനേജര്‍ അബ്ദുല്ല അഹ്മദ് മൊഹറെബിന് കൈമാറി. മന്ത്രിമാര്‍, സര്‍ക്കാര്‍ തലത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, ബുദ്ധിജീവികള്‍, നോവലിസ്റ്റുകള്‍ ഉള്‍പ്പെടെ സാഹിത്യപ്രതിഭകള്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ പുരസ്‌കാര പ്രഖ്യാപനചടങ്ങില്‍ പങ്കെടുത്തു.
മൂന്നാമത് അറബ് നോവല്‍ അവാര്‍ഡിലേക്ക് സൃഷ്ടികള്‍ അയക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.

Latest