കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ തിരുത്തല്‍ വേണമെന്ന് സിപിഐ മുഖപത്രം

Posted on: October 14, 2016 12:29 pm | Last updated: October 14, 2016 at 12:29 pm

janayugam-editorialതിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ തിരുത്തല്‍വേണമെന്ന് മുഖപ്രസംഗം പറയുന്നു. കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു. അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുകൊലയുടേയും വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണ്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങളും മതവിശ്വാസങ്ങളും സ്വഛന്തം പ്രവര്‍ത്തനം നടത്തുന്ന മതേതര ജനാധിപത്യ രാജ്യത്ത് ദാര്‍ഷ്ട്യംകൊണ്ടും ക്രൂരത വിതറി ഭയപ്പെടുത്തിക്കൊണ്ടും ആര്‍ക്കെങ്കിലും വിജയിക്കാമെന്ന് കരുതുന്നത് മൂഢതയാണ്. കേരളത്തിന് പുറത്ത് പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഈ തന്ത്രം ഉപയോഗിക്കുന്നതിന് പകരം ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്കെതിരെയാണ് ഇത് നടപ്പിലാക്കുന്നത്. കണ്ണൂരില്‍ കൊലചെയ്യപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസികളും കൊടുക്കുന്ന വില സ്വന്തം ജീവനാണെന്നതുകൊണ്ട് രാഷ്ട്രീയ ആശയ സംരക്ഷണവും പ്രചരണവും എങ്ങനെയാകണമെന്നതില്‍ ഒരടിയന്തിര അഴിച്ചുപണി ആവശ്യമായി വന്നിരിക്കുന്നു. ഏറ്റുമുട്ടലിന്റെ പാതയില്‍ ചോര വീഴ്ത്തുന്നത് ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകള്‍ക്ക് പുത്തരിയല്ല. എതിര്‍ശബ്ദത്തെ തോക്കിന്‍മുനയിലൂടെ നിശബ്ദമാക്കിയാണ് അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ആദ്യ രക്തക്കറ പതിപ്പിച്ചത്. ഗാന്ധിജിയെ കൊന്നവര്‍ക്ക് കണ്ണൂരിലെ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ വെറും തൃണം മാത്രം. ഇന്ത്യ മുഴുവന്‍ ദളിതന്റെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ചോരകുടിച്ച് അര്‍മാദിക്കുന്നവര്‍ കേരളത്തില്‍ ആഗ്രഹിക്കുന്നത് അവരുടെ രാഷ്ട്രീയ കുതന്ത്ര നാടകങ്ങള്‍ക്ക് പറ്റിയ ഇരകളെയാണ്. ആ തന്ത്രത്തില്‍ കുടുങ്ങാതിരിക്കാന്‍ ഇനി ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായേ മതിയാകൂ! ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ഇന്നൊരു ചരിത്രദൗത്യമല്ല. അവരുടെ ഓരോ പ്രഹരവും അവരിലുണ്ടാകുന്ന ഭയത്തില്‍ നിന്നാണ് ഉയരുന്നത്. അതവരുടെ ദൗര്‍ബല്യവുമാണ്. കേരളത്തിലെ ജനാധിപത്യവിശ്വാസികള്‍ മനസറിഞ്ഞ് നല്‍കിയ അംഗീകാരമാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ വിജയത്തിനാധാരം. ആ ജനതയുടെ പ്രതീക്ഷകള്‍ ശിരസേറ്റുന്നതു കൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ സംയമനങ്ങള്‍ക്കും രാഷ്ട്രീയബോധങ്ങള്‍ക്കും വളരെ ഉത്തരവാദപ്പെട്ട മറ്റൊരു മാനം നടപ്പിലാക്കാനുണ്ട്. ആ ഭാരിച്ച ഉത്തരവാദത്തില്‍ നിന്നും ഇടതുപക്ഷത്തെ പിറകോട്ട് വലിക്കാന്‍ വെല്ലുവിളികള്‍ ധാരാളം ഉയര്‍ന്നുവരും. പ്രത്യേകിച്ചും വര്‍ഗീയസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധങ്ങളേറെയാണ്.
അഴിമതിയും സ്വജനപക്ഷപാതവും തട്ടിപ്പും മാഫിയപ്രീണനവും മുഖമുദ്രയാക്കിയ കഴിഞ്ഞ യുഡിഎഫ് ഭരണത്തെ തൂത്തെറിഞ്ഞ ജനത ഇടതുപക്ഷ ഭരണമാഗ്രഹിച്ചത് വലിയ പ്രതീക്ഷയോടെയാണ്. അധികാരമേറ്റ നാല് മാസങ്ങള്‍ക്കുള്ളില്‍ ഏറ്റവും ജനകീയമായ നടപടികള്‍ പ്രതിബദ്ധതയോടെ നടപ്പിലാക്കി വരികയാണ്. ഒരു നനുത്ത സമാശ്വാസ കാറ്റിന്‍സ്പര്‍ശം അഗതികളും അശരണരും അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പെന്‍ഷന്‍, തൊഴില്‍, വിദ്യാഭ്യാസം, ആരോ
ഗ്യം, പൊതുവിതരണം, കൃഷി തുടങ്ങി പല മേഖലകളിലും ഇടതുപക്ഷ സര്‍ക്കാരിന്റെ ജനോപകാര നടപടികളുടെ കരസ്പര്‍ശം അനുഭവപ്പെടുകയാണ്. വരാന്‍പോകുന്ന വരള്‍ച്ച ഉള്‍പ്പെടെയുള്ള വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ആവശ്യമായ ഹോം വര്‍ക്കുകളിലും നടപടികളിലും ശ്രദ്ധ ഊന്നേണ്ട സമയവും ഊര്‍ജ്ജവും വിവാദങ്ങള്‍ സൃഷ്ടിച്ച് പാഴാക്കാതിരിക്കാന്‍ ഭരണനേതൃത്വം ശ്രദ്ധിക്കേണ്ടതാണ്. ഹര്‍ത്താലിനെതിരെ ഹാലിളക്കിയവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഹര്‍ത്താല്‍ സൃഷ്ടിക്കുന്നതും, തലവരിപ്പണക്കാര്‍ക്ക് മുമ്പിലും മതമൗലികവാദികള്‍ക്ക് മുമ്പിലും വിദ്യാഭ്യാസത്തെ അടിയറവ് വച്ചവര്‍ ചാരിത്ര്യപ്രസംഗം നടത്തുന്നതും ആശ്രിത അനധികൃത നിയമം മാത്രം നടപ്പിലാക്കിയവര്‍ സമരനാടകങ്ങള്‍ നടത്തുന്നതും ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇടതും വലതും ഒന്നെന്ന് വരുത്തിതീര്‍ക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ സംഘടിത നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയണം. കൊലപാതക രാഷ്ട്രീയവും, രാഷ്ട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ ഒരവസരവും സൃഷ്ടിക്കാതിരിക്കാനുള്ള രാഷ്ട്രീയ പക്വത ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാകണം. കണ്ണൂരിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന വൈര രാഷ്ട്രീയത്തിന്റെ വേരറുക്കാന്‍ വൈകിക്കൂടാ. ഇതൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. ശരിയായ രാഷ്ട്രീയ ദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ്. കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ല തീര്‍ച്ച. അതാദ്യം കാണിച്ചുകൊടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. ആ ഒരാഹ്വാനം പ്രവര്‍ത്തകരിലേയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ഒരവസരം തന്നിരിക്കുന്നു ഇപ്പോള്‍ കണ്ണൂരിലുണ്ടായ സംഭവങ്ങള്‍.

ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് യാതൊരു രാഷ്ട്രീയ സാമൂഹ്യ ഉത്തരവാദിത്തവും നിര്‍വഹിക്കാനില്ല. രാമക്ഷേത്രം പണിയാനും ക്ഷേത്രാങ്കണങ്ങളില്‍ ബലമായി ഡ്രില്‍ നടത്താനും പുരോഗമന ജനാധിപത്യ മതേതര ആശയം പുലര്‍ത്തുന്നവരെ തരംകിട്ടുമ്പോള്‍ കൊന്നൊടുക്കാനും അച്ചാരം വാങ്ങിയവരാണവര്‍. ജനകീയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന, പണാധിപത്യത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമൊക്കെ എതിരെ പോരാടാന്‍ സന്നദ്ധമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. ആ തിരിച്ചറിവ് നഷ്ടപ്പെടുത്താന്‍ പാടില്ല. ഇന്ത്യയെ ശിഥിലമാക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്ക് തിട്ടൂരമിറക്കുന്ന ഒരു ഫാസിസ്റ്റ് സംഘടന കൊലപാതകങ്ങള്‍ ചെയ്തുകൂട്ടുമായിരിക്കും. പക്ഷേ എത്രനാള്‍? ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേരറിവുകളുമായോ സമ്പന്ന ജനകീയ ചരിത്രവുമായോ ഒരു താദാമ്യത്തിന് പോലും അര്‍ഹതയില്ലാത്ത ആര്‍എസ്എസിനെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാക്കുന്ന ഒരു വൈകാരിക നീക്കവും നടത്താതിരിക്കുക. അവര്‍ അവരുടെ പട്ടടയില്‍ തന്നെ കത്തി അമരട്ടെ അവിടെ ഹോമിക്കുവാനുള്ളതല്ല ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ ശിഷ്ട ജീവിതം.