ഹാജിമാരുടെ മടക്കയാത്ര ഇന്ന് പൂര്‍ത്തിയാകും

Posted on: October 14, 2016 12:07 am | Last updated: October 14, 2016 at 12:07 am

hajj 2016നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിച്ച ഹാജിമാരുടെ മടക്കയാത്ര ഇന്ന് പൂര്‍ത്തിയാകും. ഇന്ന് രാവിലെ 11 മണിക്ക് ഹാജിമാരുടെ അവസാന സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ടി പ്രത്യേക സര്‍വീസുകള്‍ നടത്തിയ സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് 385 പേരടങ്ങുന്ന സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത്. ഇതില്‍ 289 പേര്‍ ലക്ഷദ്വീപില്‍ നിന്നും, 28 പേര്‍ മാഹിയില്‍ നിന്നുമുള്ളവരാണ്. 68 പേരാണ് കേരളത്തില്‍ നിന്നുള്ളത്.
രണ്ട് വയസ്സില്‍ താഴെയുള്ള ഒമ്പത് കുട്ടികള്‍ അടക്കം ദ്വീപ്, മാഹി, കേരളം എന്നിവിടങ്ങളിലെ 10268 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ചത്. ഇവരില്‍ 17 പേര്‍ മക്കയില്‍ വെച്ച് മരിച്ചിരുന്നു. ബാക്കിയുള്ള 10183 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി മടങ്ങിയെത്തിയിരുന്നു. ഇന്നലെ രാവിലെ 11 മണിക്കും വൈകീട്ട് 3.45 നും എത്തിയ രണ്ട് സഊദി എയര്‍ ലൈന്‍ വിമാനങ്ങളിലായി 450 പേര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തി.
കഴിഞ്ഞ മാസം 29 മുതലാണ് സംസ്ഥാനത്ത് നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. മദീന വിമാനത്താവളം വഴിയായാണ് മടക്കയാത്ര. ഹജ്ജ് ക്യാമ്പിന്റെ ആദ്യഘട്ടത്തില്‍ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് മടങ്ങിവരുന്ന ഹാജിമാരെ സ്വീകരിക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നത്. പ്രത്യേക ഹജ്ജ് ടെര്‍മിനല്‍ ആയിട്ടായിരുന്നു രണ്ടാം ഘട്ടത്തില്‍ ഹാങ്കറിന്റെ പ്രവര്‍ത്തനം.
ഇന്ത്യയില്‍ തന്നെ ഇതാദ്യമാണ് ഒരു വിമാനത്താവളത്തില്‍ ഹാജിമാര്‍ക്ക് മാത്രമായി പ്രത്യേക ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നത്.