സാഹിത്യ നോബല്‍ റോക്ക് സംഗീതജ്ഞന്‍ ബോബ് ഡിലന്

Posted on: October 13, 2016 5:59 pm | Last updated: October 14, 2016 at 10:28 am

bob-dylenസ്റ്റോക്‌ഹോം: അമേരിക്കയുടെ സംഗീത പാരമ്പര്യത്തില്‍ പുതിയ കാവ്യഭാവങ്ങള്‍ ആവിഷ്‌കരിച്ച ബോബ് ഡിലന് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. പ്രശസ്ത ഗാനരചയിതാവും ഗായകനും ചിത്രകാരനുമാണ് 75 കാരനായ ഡിലന്‍.
നൊബേല്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് സാഹിത്യത്തിനുള്ള പുരസ്‌കാരം ഒരു ഗാനരചയിതാവിന് ലഭിക്കുന്നത്. നോവല്‍, കവിത, ചെറുകഥ തുടങ്ങിയ സാഹിത്യമേഖലയില്‍ മാത്രം ഇതുവരെ നല്‍കപ്പെട്ടിട്ടുള്ള പുരസ്‌കാരത്തിന് ഡിലന്‍ അര്‍ഹനായത് ഏറെ കൗതുകത്തോടെയാണ് ലോകം കേട്ടത്.
1993ല്‍ ടോണി മോറിസണ്‍ പുരസ്‌കൃതനായതിന് ശേഷം അമേരിക്കയിലേക്ക് സാഹിത്യ നൊബേല്‍ എത്തുന്നത് ഇദ്ദേഹത്തിലൂടെയാണ്. ആംഗലേയ സംഗീത പാരമ്പര്യത്തിലെ ഉത്കൃഷ്ട ഗാനരചയിതാവ് എന്ന നിലയിലാണ് പുരസ്‌കാരത്തിന് ഡിലനെ തിരഞ്ഞെടുത്തതെന്ന് സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി സാറാ ഡാനിയസ് പറഞ്ഞു. 54 വര്‍ഷമായി എഴുത്തില്‍ സജീവമായ ഡിലന്‍ ഇന്നും ഭാവഗാന രചനയില്‍ അടിമുടിയുള്ള പരിഷ്‌കരണത്തിന് സ്വയം വിധേയനാകുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍ എന്ന ബോബ് ഡിലന്‍ 1941ല്‍ അമേരിക്കന്‍ തുറമുഖ നഗരമായ ഡളതിലാണ് ജനിച്ചത്. കോഫീഹൗസുകളില്‍ നാടന്‍പാട്ടുകള്‍ പാടിക്കൊണ്ട് 1959ലാണ് ഡിലന്‍ സംഗീത രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് സ്വന്തം രചനകള്‍ തന്നെ പാടിക്കൊ ണ്ട് അദ്ദേഹം അമേരിക്കന്‍ സംഗീത ലോകത്തെ അദ്വിതീയനായി മാറി.
1960കളിലെ അമേരിക്കയുടെ കലുഷിത കാലഘട്ടത്തെ തന്റെ രചനകളിലേക്ക് ആവാഹിക്കുക വഴി സാമൂഹിക ദൗത്യങ്ങളും ഡിലന്‍ നിര്‍വഹിച്ചു. ബ്ലോവിന്‍ ഇന്‍ ദി വിന്‍ഡ്, ദി ടൈംസ് ദെ ആര്‍ എ ചേഞ്ചിന്‍ തുടങ്ങിയ ഗാനങ്ങള്‍ അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെയും പ്രകീര്‍ത്തന കാവ്യങ്ങളാകുന്നത് അങ്ങനെയാണ്. ഗ്രാമീണ ഗാനങ്ങളില്‍ നിന്ന് റോക്കിലേക്കുള്ള പരിവര്‍ത്തനം അമേരിക്കന്‍ സംഗീത സരണിയിലെ വലിയ മാറ്റമായപ്പോള്‍ അതിന് പിന്നില്‍ ഡിലന്റെ എഴുത്തും ശബ്ദവും ഉണ്ടായിരുന്നു.
1994ന് ശേഷം ഡിലന്റെതായി ആറ് പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം തന്നെ അദ്ദേഹത്തിന്റെ വരകളുടെയും പെയിന്റിംഗുകളുടെതുമാണെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ്, പുലിസ്റ്റര്‍, ഓസ്‌കാര്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.