ഇന്ത്യന്‍ നിരത്തിലിറങ്ങിയ 51,000 റെനോ ക്വിഡുകളെ കമ്പനി തിരിച്ചുവിളിച്ചു

Posted on: October 13, 2016 1:19 pm | Last updated: October 13, 2016 at 1:27 pm

kwidന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തിലിറങ്ങിയ 51,000  റെനോ ക്വിഡുകളെ കമ്പനി തിരിച്ചുവിളിച്ചു. തുടക്കം മുതല്‍ 2016 മേയ് 18 വരെ നിര്‍മിച്ച 800 സിസി ക്വിഡിനാണ് ഇത് ബാധകം. കാറിന്റെ ഇന്ധനവിതരണ സംവിധാനത്തില്‍ തകരാറുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിത്. മുന്‍കരുതലായി ഫ്യുവല്‍ ഹോസ് ക്ലിപ് ഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെട്ട് വിവരം അറിയിക്കും. പരിശോധനയും അറ്റകുറ്റപ്പണിയും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ക്വിഡിന്റെ എത്ര യൂണിറ്റാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. മേയ് 2016 വരെ 60,000 ത്തോളം ക്വിഡുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് വിപണിയില്‍ മാരുതി ആള്‍ട്ടോ , ഹ്യുണ്ടായി ഇയോണ്‍ മോഡലുകള്‍ക്ക് എതിരാളിയായി എത്തിയ ക്വിഡ് വന്‍ വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തിയ ക്വിഡിന്റെ വില്‍പ്പന 2016 സെപ്റ്റംബര്‍ വരെ 90,000 യൂണിറ്റിലേറെയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 22 ന് കരുത്ത് കൂടിയ, ഒരു ലീറ്റര്‍ എന്‍ജിനുള്ള ക്വിഡിനെയും കമ്പനി വിപണിയിലിറക്കിയിരുന്നു. ഇതിനോടകം 1.65 ലക്ഷം ബുക്കിങ്ങാണ് ക്വിഡിന് ലഭിച്ചിട്ടുള്ളത്.