സി പി എം നേതാക്കള്‍ക്ക് വധഭീഷണി: പോലീസ് സുരക്ഷ കര്‍ശനമാക്കി

Posted on: October 13, 2016 12:42 pm | Last updated: October 13, 2016 at 12:42 pm
പി മോഹനന്‍ മാസ്റ്റര്‍
പി മോഹനന്‍ മാസ്റ്റര്‍

നാദാപുരം: അസ്‌ലം വധത്തോടനുബന്ധിച്ച് സി പി എം നേതാക്കള്‍ക്ക് വധഭീഷണി ഉണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി.
സിപി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി പി പി ചാത്തു എന്നിവര്‍ക്കാണ് ഭീഷണി നിലനില്‍ക്കുന്നതായി പോലീസിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഏരിയ സെക്രട്ടറിയുടെയും, ജില്ലാ സെക്രട്ടറിയുടെയും വീട് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ഇവരുടെ പരിപാടികള്‍ക്കും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. സി പി എം ഏരിയ സെക്രട്ടറിക്ക് നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി ഉണ്ടായതിനെതുടര്‍ന്ന് നാദാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു.
മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കുറ്റിയാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മോഹനന്‍ മാസ്റ്ററുടെ വീട്. ഇതിനാല്‍ കുറ്റിയാടി പോലീസ് പ്രദേശങ്ങള്‍ സദാ നിരീക്ഷിച്ച് വരികയാണ്. ഉന്നത നേതാക്കള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍ മേഖലയില്‍ വന്‍ കലാപങ്ങള്‍ക്ക് തന്നെ വഴി തെളീയിച്ചേക്കുമെന്നാണ് പോലീസ് നിഗമനം.
നേരത്തെ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം അടിക്കടി വാഹനങ്ങള്‍ക്ക് നേരെ തീ വെപ്പ് ഉള്‍പ്പെടെ നടക്കുന്നതിനാല്‍ മേഖലയില്‍ സമാധാനം തിരിച്ച് വന്നില്ലെന്ന സൂചനയാണുളളത്.അക്രമ കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയാതെ പോകുന്നതും അക്രമികള്‍ക്ക് തുണയാവുന്നുണ്ട്. കൊലപാതക കേസില്‍ നാല് പ്രതികളെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് പോലീസ് വിശദീകരിക്കുന്നത്.