തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ഇ.പി. ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ഡയറക്ടര്‍ എത്തിയതെന്നാണ് സൂചന. ജയരാജനെതിരെ ത്വരിത പരിശോധനക്ക് ഇന്ന് ഉത്തരവിടാന്‍ സാധ്യതയുണ്ട്.
ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.