ബന്ധുനിയമനം: 17ന് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച്‌

Posted on: October 13, 2016 10:07 am | Last updated: October 13, 2016 at 10:07 am

തിരുവനന്തപുരം: ബന്ധുനിയമന വിവാദം ഒരു പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമായി കാണാനാകില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സ്വാശ്രയ വിഷയത്തിന് പിന്നാലെ ബന്ധുനിയമന വിഷയവും നിയമസഭക്ക് അകത്തും പുറത്തും സജീവമാക്കി സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബന്ധുനിയമനത്തില്‍ ആരോപണം നേരിടുന്ന ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് 17ന് നിയസഭയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.
ബന്ധുനിയമന വിവാദം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതില്‍ തിരുത്തലുണ്ടാകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറയുന്നു. എന്നാല്‍, പാര്‍ട്ടി നടപടിയിലൂടെ ഈ വിഷയം ഒതുക്കിതീര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയല്ല വേണ്ടതെന്നും വ്യവസ്ഥാപിതമായ നിയമനടപടികളാണ് സ്വീകരിക്കേണ്ടതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞാലംഘനം നടത്തി സ്വജനപക്ഷപാതത്തിലൂടെ അഴിമതി നടത്തിയ മന്ത്രി ജയരാജന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹം സ്വമേധയാ രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന പ്രചാരണം നടത്തിയ അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാറിന്റെ മുഖം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ വിക്യതമായി. ജനങ്ങളുടെ ഭാഗത്ത്‌നിന്ന് ശക്തമായ വിമര്‍ശം ഏറ്റുവാങ്ങുന്ന തരത്തിലേക്ക് ഭരണം എത്തിയിരിക്കുന്നു. ജനദ്രോഹ നടപടികള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ വളരെയേറെ മുന്നിലെന്ന് തെളിയിച്ചിരിക്കുന്നു. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ മുന്നേറ്റം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഭാഗത്തു നിന്നുണ്ടാകും. ഈ പ്രശ്‌നങ്ങള്‍ സജീവമായി നിയമസഭയില്‍ ഉയര്‍ന്നുവരുമെന്നും സുധീരന്‍ വ്യക്തമാക്കി.
കെ എസ് യുവിന്റെ സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നതെങ്കിലും നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ചക്ക് വരികയായിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മാതൃകയില്‍ കേരളത്തില്‍ കെ എസ് യു തിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യമുന്നയിച്ചു.
കെ എസ് യു തിരഞ്ഞെടുപ്പ് കുറ്റമറ്റരീതിയില്‍ നടത്താനും യോഗം തീരുമാനിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ എ ഐ സി സി, എന്‍ എസ് യു നേതൃത്വത്തിനു സമര്‍പ്പിക്കുമെന്ന് സുധീരന്‍ പറഞ്ഞു. എന്‍ എസ് യുവിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ഗിരീഷ് ചോദ്‌നോക്കര്‍, എന്‍ എസ് യു പ്രസിഡന്റ് അമൃത ധവാനി, കേരളത്തിന്റെ ചുമതലയുള്ള എന്‍ എസ് യു ജന. സെക്രട്ടറി ശ്രാവണ്‍ പങ്കെടുത്തു. ഡി സി സി പ്രസിഡന്റുമാരുടെ നിയമന കാര്യത്തില്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ പേരുകള്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. ഈമാസം അഞ്ചിനകം പേരുകള്‍ നല്‍കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. എന്നാല്‍, ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ വിമുഖത തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യവും ചര്‍ച്ചാവിഷയമായി. ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇതുസംബന്ധിച്ച് എ ഐ സി സി നല്‍കിയിട്ടുള്ള നിര്‍ദേശം അതാത് ഡി സി സികള്‍ക്ക് നല്‍കിയിട്ടുണ്ട്. എത്രയും വേഗത്തില്‍ പുതിയ ഡി സി സി പ്രസിഡന്റുമാരുടെ ലിസ്റ്റ് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.