കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയില്‍ ഇന്നലെയുണ്ടായ ഉഗ്ര ബോംബ് സ്‌ഫോടനത്തില്‍ 14 വിശ്വാസികള്‍ കൊല്ലപ്പെട്ടു. ഷിയ മുസ് ലിങ്ങളുടെ പ്രധാന ആഘോഷമായ ആശൂറിനോടനുബന്ധിച്ച് പള്ളിയിലെത്തിയ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ബാല്‍ക് പ്രവിശ്യയിലെ ഷിയ പള്ളിയുടെ പ്രധാന ഗെയ്റ്റിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ചൊവ്വാഴ്ച കാബൂളില്‍ ഷിയ വിഭാഗക്കാര്‍ക്കുനേരെ ഇരട്ട ബോംബ് ആക്രമണം നടന്നിരുന്നു. ഇതില്‍ 18 പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണവും ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.