Connect with us

Gulf

ഷാര്‍ജ പുസ്തക മേളയില്‍ 60 രാജ്യങ്ങളുടെ പങ്കാളിത്തം; എം ടി, ചേതന്‍ ഭഗത് അതിഥികള്‍

Published

|

Last Updated

ഷാര്‍ജ; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 60 രാജ്യങ്ങളില്‍ നിന്ന് 1420 പ്രസാധകര്‍ പങ്കെടുക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ ഡോ. അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
15 ലക്ഷം കൃതികളാണ് ഇത്തവണ എത്തുന്നത്. ഇതില്‍ 88,000 പുതിയ ശീര്‍ഷകങ്ങളുണ്ട്. യു എ ഇ, ഇന്ത്യ, ഈജിപ്ത്, ലെബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 100ലധികം വീതം പ്രസാധകരുണ്ട്. 1417 പരിപാടികളാണ് നടക്കുക. 228 പ്രത്യേക അതിഥികളെത്തും.
കൂടുതല്‍ വായിക്കുക എന്ന സന്ദേശമാണ് ഇത്തവണ ഉയര്‍ത്തിപ്പിടിക്കുന്നത്. അത് കൊണ്ടുതന്നെ പരമാവധി പ്രസാധകരെ ഉള്‍കൊള്ളാന്‍ ശ്രമിച്ചു. 25,000 ചതുരശ്രയടി വിസ്തൃതിയിലാണ് പ്രദര്‍ശനം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖ എഴുത്തുകാര്‍ എത്തും. ഇന്ത്യയില്‍ നിന്ന് എം ടി വാസുദേവന്‍ നായര്‍, ശശി തരൂര്‍, നടന്‍ മുകേഷ്, കൈലാഷ് സത്യാര്‍ഥി, ചേതന്‍ ഭഗത്, ശത്രുഘ്‌നന്‍ സിന്‍ഹ, ഗോപി കളായല്‍, ശില്‍പഷെട്ടി എന്നിവര്‍ അതിഥികളായി എത്തും. നവംബര്‍ രണ്ടു മുതല്‍ 12വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്തകമേള. ഒക്‌ടോബര്‍ 31, നവം ഒന്ന് തിയ്യതികളില്‍ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ ഇറക്കുന്ന പ്രസാധകരുടെ കൂടിച്ചേരലുണ്ട്. കഴിഞ്ഞ വര്‍ഷം നിരവധി പ്രസാധകര്‍ ഇത് ഉപയോഗപ്പെടുത്തി. മികച്ച ഗ്രന്ഥങ്ങളുടെ വിവര്‍ത്തനം ബിസിനസ് മീറ്റിലൂടെ സാധ്യമാകുന്നു. കഴിഞ്ഞ തവണ പത്തുലക്ഷത്തിലധികം ആളുകള്‍ പുസ്തകമേള സന്ദര്‍ശിച്ചിരുന്നു. ഇത്തവണ അതില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുനെസ്‌കോയാണ് ഇത്തവണത്തെ അതിഥി. പത്രത്തിലെ പുസ്തകം എന്ന പേരില്‍ ഷാര്‍ജ ബുക്ക് അതോറിറ്റിയും യുനെസ്‌കോയും നേരത്തെ തന്നെ സഹകരണമുണ്ടായിരുന്നുവെന്നും അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി പറഞ്ഞു. ഷാര്‍ജ മീഡിയ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് അല്‍ മിദ്ഫ, ഇത്തിസലാത്ത് വടക്കന്‍ എമിറേറ്റ്‌സ് ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് തര്യം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന്, യു എ ഖാദര്‍, മധുസൂദനന്‍ നായര്‍, ദീപാ നിശാന്ത്, കെ പി സുധീര, എ വി അനില്‍ കുമാര്‍ തുടങ്ങി നിരവധി എഴുത്തുകാര്‍ വ്യത്യസ്ത ചടങ്ങുകളില്‍ പങ്കെടുക്കും. യു എ ഇയിലെ നിരവധി മലയാളീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ഹണി ഭാസ്‌കരന്‍, ഇ എം അശ്‌റഫ്, ബൈജുഭാസ്‌കര്‍, വനിത വിനോദ്, ഇസ മറിയം കാവില്‍ (ഇംഗ്ലീഷ്), ബഷീര്‍ തിക്കോടി, ഷാബു കിളിത്തട്ടില്‍, ഇ കെ ദിനേശന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ട്. സിറാജ് ദിനപത്രം പ്രത്യേകം പവലിയിന്‍ ഒരുക്കുന്നുണ്ട്. സിറിജിന്റെ അഭിമുഖ്യത്തിലുള്ള ചിത്രരചനാ മത്സരം നവംബര്‍ 11ന് വൈകിട്ട് നാലുമുതല്‍ ഏഴുവരെ നടക്കും. ഡിസി, ഗ്രീന്‍, ലിപി, ചിന്ത, കൈരളി തുടങ്ങിയ പ്രസാധകര്‍ പവലിയനുകള്‍ ഒരുക്കും.

Latest