Connect with us

Malappuram

ചോക്കാട്ട് യു ഡി എഫ് ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ എതിര്‍പ്പുമായി ലീഗ്

Published

|

Last Updated

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്തില്‍ “ഭിന്നത പരിഹരിച്ച് യു ഡി എഫ് സംവിധാനം പുന:സ്ഥാപിക്കുവാനുള്ള നീക്കം അവാസനഘട്ടത്തില്‍ എത്തിനില്‍ക്കെ എതിര്‍പ്പുയര്‍ത്തി ലീഗില്‍ ഒരു വിഭാഗം പരസ്യമായി രംഗത്ത്. ചോക്കാട് അങ്ങാടിയില്‍ രണ്ടിടങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചാണ് കോണ്‍ഗ്രസുമായി വീണ്ടും ബന്ധം കൂട്ടിയിണക്കുന്ന തിനെത്രെ ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്.
പത്തോളം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വിഭാഗം നേതൃത്വത്തെ വിമര്‍ശിക്കുന്നത്. നാളിതുവരെയും ലീഗിന് വോട്ട് ചെയ്തിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ കോണ്‍ഗ്രസുമായി കൂട്ടുകൂടണോ, വര്‍ഗീയവാദി എന്ന് ലീഗ് പരസ്യമായി ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എപ്പോഴാണ് മതേതരവാദിയായത്, പാര്‍ട്ടിയുടെ സാധാരണക്കാരുടെ അഭിപ്രായത്തേക്കാള്‍ വലുതാണോ അധികാരം തുടങ്ങിയ ചോദ്യങ്ങളാണ് ഫഌക്‌സിലുള്ളത്. ലീഗിനെ പ്രണയിച്ചവര്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
യൂത്ത് ലീഗുമായി ബന്ധപ്പെട്ടവരാണ് കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ സി പി എമ്മിനോട് ചാഞ്ഞ് നില്‍ക്കുന്ന ചിലരാണെന്നും ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നത് പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്നും ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി ഹംസ എന്ന കുഞ്ഞാപ്പു പറഞ്ഞു.
അടുത്ത പഞ്ചായത്ത് “ഭരണം കൈയ്യാളുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച ഈ മാസം 19 ന് നടക്കാനിരിക്കേയാണ് ഇരു പാര്‍ട്ടികളും പദവികള്‍ വീതിക്കുന്നതിന് ധാരണയിലെത്തിയിരുന്നത്. യു ഡി എഫ് സംവിധാനത്തിനുവേണ്ടി ജില്ലാ നേതൃത്വം നിര്‍ദേശിച്ചതനുസരിച്ചാണ് ചോക്കാട്ട് യു ഡി എഫില്‍ പുതിയ ധാരണയുണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസിന്റേയും നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ വണ്ടൂരില്‍ എം എല്‍ എ യുടെ ഓഫീസില്‍ നടന്നിരുന്നു. എം എല്‍ എ എ പി അനില്‍കുമാറിന് പുറമെ ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, മുസ് ലിം ലീഗ് വണ്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി ഖാലിദ് മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയുള്ള ധാരണ പ്രകാരമുള്ള കാരാറില്‍ അടുത്ത ദിവസം ഒപ്പുവെക്കുവാനിരിക്കുകയാണ്.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ലീഗ് -കോണ്‍ഗ്രസ് ബന്ധം പുന:സ്ഥാപിക്കുന്നത് യാഥാര്‍ത്ഥ്യമാവാന്‍ വൈകുമോയെന്ന് സംശയമുണ്ട്. അതേസമയം, മുന്നണി ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഇനി മറിച്ചൊരു ചിന്തക്ക് പ്രസക്തിയില്ലെന്നാണ് ചില ലീഗ് വൃത്തങ്ങള്‍ പറയുന്നത്.

Latest