കഞ്ചിക്കോട്ട് കാട്ടാനക്കുട്ടിയുടെ മൃതശരീരം കണ്ടെത്തി

Posted on: October 12, 2016 9:17 am | Last updated: October 12, 2016 at 9:17 am

കഞ്ചിക്കോട്: കഞ്ചിക്കോട് കാട്ടാനക്കുട്ടിയുടെ മൃതശരീരം കണ്ടെത്തി. ജനവാസമേഖലയിലാണ് പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പഴക്കമുള്ള കാട്ടാനക്കുട്ടിയുടെ മൃതശരീരം പ്രദേശവാസികള്‍ കണ്ടത്.
വല്ലടി സൂര്യംപൊറ്റ നെല്ലിശ്ശേരി മലയടിവാരത്തിലെ ജനവാസ മേഖലയിലാണു സംഭവം. പ്രസവിച്ചു മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആനക്കുട്ടിയാണു ചെരിഞ്ഞ നിലയില്‍ കണ്ടത്. ചെളിയില്‍ പൂണ്ട നിലയിലായ ആനക്കുട്ടിയെ ഇന്നലെ രാവിലെ ആറു മണിയോടെയാണ് പ്രദേശവാസികള്‍ കണ്ടത്. എന്നാല്‍ പുലര്‍ച്ചെ മുതല്‍ തന്നെ ഇവിടെ ആനക്കൂട്ടമെത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
പൂര്‍ണവളര്‍ച്ചയെത്താത്ത കൊമ്പനാനക്കുട്ടിയാണെന്നും ആനകള്‍ തന്നെ ഇതിനെ ചവിട്ടിയതായും പരിസരവാസികള്‍ പറയുന്നുണ്ടെങ്കിലും ഇത് വനംവകുപ്പ് സ്ഥിതീകരിച്ചിട്ടില്ല. എന്നാല്‍ കാട്ടാനക്കൂട്ടം പിന്‍വലിഞ്ഞ ശേഷം തെരുവുനായകള്‍ കാട്ടാനക്കുട്ടിയുടെ ശരീരം ആക്രമിച്ചതാണെന്നും സൂചനയുണ്ട്.