Connect with us

National

കാവേരി: ഉന്നതാധികാര സമിതി തമിഴ്‌നാട് സന്ദര്‍ശിച്ചു

Published

|

Last Updated

ചെന്നൈ: കാവേരി ജല തര്‍ക്കത്തെ തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്നലെ തമിഴ്‌നാട് സന്ദര്‍ശിച്ചു. കേന്ദ്ര ജല കമ്മീഷന്‍ ജി എസ് ഝായുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ കാവേരി നദീതീര പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി പി രാമമോഹന റാവു, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് കെ പ്രഭാകര്‍ എന്നിവരുമായി സംഘം വിഷയം ചര്‍ച്ച ചെയ്തു.
കഴിഞ്ഞ ആഴ്ച കര്‍ണാടകയിലും വിദഗ്ധ സംഘം രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ മാസം 17നകം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ഝാ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ അവരുടെ ഭാഷയില്‍ എഴുതിയ ഏതാനും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അത് വിവര്‍ത്തനം ചെയ്ത് അംഗങ്ങള്‍ക്ക് വിതരണം ചെയ്യും. അതിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് പ്രതിവര്‍ഷം ആയിരം കോടി മുതല്‍ 2,500 കോടി രൂപ വരെ നഷ്ടം സംഭവിക്കുന്നതായി തമിഴ് കര്‍ഷകര്‍ വിദഗ്ധ സംഘത്തെ അറിയിച്ചു. ഉണങ്ങിയ പാടങ്ങളും നശിച്ച വിളകളും കാണിച്ചുകൊടുത്ത കര്‍ഷര്‍, കാവേരിയില്‍ നിന്ന് കൂടുതല്‍ ജലം വിട്ടുകിട്ടേണ്ടതിന്റെ ആവശ്യകത സംഘത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
നാഗപട്ടണത്ത് സന്ദര്‍ശനത്തിനെത്തിയ വിദഗ്ധ സംഘത്തിനൊപ്പം ജില്ലാ കലക്ടര്‍ എസ് പഴനിസ്വാമിയും മറ്റ് ഉദ്യോസ്ഥരും ഉണ്ടായിരുന്നു. സംയുക്ത കര്‍ഷക അസോസിയേഷന്‍ സെക്രട്ടറി അറുപതി കല്യാണം ഝാക്ക് നിവേദനം നല്‍കി. കഴിഞ്ഞ മാസം 20ന് മേട്ടൂര്‍ അണക്കെട്ട് തുറന്നെങ്കിലും ഇപ്പോഴും എല്ലായിടത്തും വെള്ളമെത്തിയിട്ടില്ലെന്നും കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും അറുപതി കല്യാണം നിവേദനത്തില്‍ വിശദീകരിച്ചു.
തമിഴ്‌നാടിന് വെള്ളം നല്‍കാന്‍ തുടങ്ങിയതോടെ സംസ്ഥാനം രൂക്ഷമായ ജലക്ഷാമം നേരിടുകയാണെന്ന് കര്‍ണാടകയും ഉന്നതാധികാര സമിതിയെ അറിയിച്ചിരുന്നു. ജലവിതാനം അനുദിനം കുറഞ്ഞുവരുന്നത് കര്‍ണാടകയെ വീണ്ടും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഝായുടെ നേതൃത്വത്തിലുള്ള സംഘത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Latest