Connect with us

National

തെലങ്കാനയില്‍ 21 ജില്ലകള്‍ കൂടി

Published

|

Last Updated

പുതിയ ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ തെലങ്കാനയുടെ ഭൂപടം ഉയര്‍ത്തിക്കാട്ടി പ്രകടനം നടത്തുന്ന ടി ആര്‍ എസ് പ്രവര്‍ത്തകന്‍

പുതിയ ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ തെലങ്കാനയുടെ ഭൂപടം ഉയര്‍ത്തിക്കാട്ടി പ്രകടനം നടത്തുന്ന ടി ആര്‍ എസ് പ്രവര്‍ത്തകന്‍

ഹൈദരാബാദ്: പുതുതായി 21 ജില്ലകള്‍ കൂടി രൂപവത്കരിച്ച് രാജ്യത്തെ ഏറ്റവും പുതിയ സംസ്ഥാനമായ തെലങ്കാന പുതിയ ഭൂപടം പുറത്തിറക്കി.
താഴേത്തട്ടില്‍ വരെ ഭരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) സര്‍ക്കാര്‍ കൂടുതല്‍ ജില്ലകള്‍ രൂപവത്കരിച്ചതെന്ന് സ്വന്തം നാടായ സിദ്ദിപ്പേട്ടിനെ ജില്ലയായി പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 31 ആയി. നിലവിലെ മേദക് ജില്ല വിഭജിച്ചാണ് സിദ്ദിപ്പേട്ട് ഉണ്ടാക്കിയത്. ഇതോടൊപ്പം മറ്റ് 21 ജില്ലകളുടെ പ്രഖ്യാപനവും അതതിടങ്ങളില്‍ മറ്റ് മന്ത്രിമാര്‍ നിര്‍വഹിച്ചു.
21 പുതിയ ജില്ലകള്‍ക്ക് പുറമേ 25 റവന്യൂ ഡിവിഷനുകള്‍, 125 മണ്ഡലങ്ങള്‍, നാല് പോലീസ് കമ്മീഷണറേറ്റുകള്‍, 23 പോലീസ് സബ് ഡിവിഷനുകള്‍, 28 പോലീസ് സര്‍ക്കിളുകള്‍, 91 പോലീസ് സ്റ്റേഷനുകള്‍ എന്നിവയും പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വാഗദാനത്തിന്റെ അടിസ്ഥാനത്തില്‍ 17 പുതിയ ജില്ലകള്‍ രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ നാലെണ്ണം കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
അതേസമയം, പുതിയ ജില്ലകള്‍ രൂപവത്കരിച്ചത് തികച്ചും അശാസ്ത്രീയമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തികച്ചും ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് തെലങ്കാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഢി ആരോപിച്ചു.
ആന്ധ്രാ പ്രദേശ് വിഭജിച്ച് 2014 ജൂണ്‍ രണ്ടിനാണ് രാജ്യത്തെ 29ാമത് സംസ്ഥാനമായി തെലങ്കാന നിലവില്‍ വന്നത്. 3.5 കോടിയാണ് സംസ്ഥാന ജനസംഖ്യ.