ബന്ധുനിയമന വിവാദം: വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി

Posted on: October 11, 2016 9:09 pm | Last updated: October 12, 2016 at 10:17 am
ജേക്കബ് തോമസ്്
ജേക്കബ് തോമസ്്

തിരുവനന്തപുരം;നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി നേതാവ് വി മുരളീധരനും നല്‍കിയ പരാതികളില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനോടാണ് അഭിപ്രായം ആരാഞ്ഞത്. ത്വരിത പരിശോധന ഉള്‍പ്പെടെ പരാതികളില്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അതേസമയം, നിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരെ കടുത്ത നടപടി ഒഴിവാക്കാന്‍ സി പി എം ശ്രമം തുടങ്ങി. വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ ജയരാജനെതിരെ വരാനിടയുള്ള നിയമപരമായ നടപടിക്രമങ്ങള്‍ മറികടക്കുന്നതിനുള്ള സാധ്യത തേടുകയാണ് സി പി എം. മന്ത്രിയുടെ രാജി എന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ടെങ്കിലും അത്രയും കടുത്ത നടപടികളിലേക്ക് തത്കാലം പോകില്ലെന്നാണ് സൂചന.
കെ എസ് ഐ ഇ മാനേജിംഗ് ഡയറക്ടറായി പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാരെയും മന്ത്രി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂരിലെ ക്ലേ ആന്‍ഡ് സെറാമിക്‌സ് ലിമിറ്റഡ് ജനറല്‍ മാനേജരായും മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടറായും നിയമിച്ചത് അനധികൃതമാണെന്ന് കാണിച്ചാണ് പ്രതിപക്ഷവും ബി ജെ പിയും വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്.
സി പി എം സംസ്ഥാന കമ്മിറ്റി അംഗവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദിനെ കിന്‍ഫ്രാ അപ്പാരല്‍പാര്‍ക്ക് എം ഡിയാക്കിയതും സി പി എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്രാ ജനറല്‍ മാനേജര്‍ ആയും നിയമിച്ചതിലും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങള്‍ 1988 ലെ അഴിമതി നിരോധനനിയമത്തിലെ 13(1) (ഡി) പ്രകാരം കുറ്റകരമാണെന്നും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നുമാണ് ആവശ്യം. ആരോപിക്കപ്പെട്ട നിയമനങ്ങളില്‍ ചിലത് റദ്ദാക്കുകയും മറ്റുള്ളവര്‍ ചുമതലയേല്‍ക്കാതിരിക്കുകയും ചെയ്ത സാഹചര്യവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ കത്തില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ നാളെ മറുപടി നല്‍കുമെന്നാണ് സൂചന.
പരാതി ഉയര്‍ന്ന നിയമനങ്ങളെല്ലാം പരിശോധിച്ച് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയവ റദ്ദാക്കാനുള്ള തീരുമാനം പതിനാലിന് ചേരുന്ന സി പി എം സെക്രട്ടേറിയറ്റിലുണ്ടാകും. ജയരാജനെതിരെ പാര്‍ട്ടി തലത്തില്‍ എന്തെങ്കിലും അച്ചടക്ക നടപടി തീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റിക്കോ സെക്രട്ടേറിയറ്റിനോ കഴിയില്ല. ജയരാജന്‍ കേന്ദ്ര കമ്മിറ്റിയംഗമായതിനാല്‍ അത്തരം നടപടികള്‍ ചര്‍ച്ച ചെയ്യേണ്ട ഘടകം സി സിയാണ്.
നിയമിക്കപ്പെട്ടവര്‍ ചുമതലയേല്‍ക്കാതിരിക്കുകയും നിയമനങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്നതോടെ വിവാദം അവസാനിക്കുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അന്വേഷണം ഇല്ലാതെ വന്നാല്‍ പരാതിക്കാര്‍ കോടതിയെ സമീപിക്കുമെന്നും അതിനാല്‍ ക്വിക്ക് വെരിഫിക്കേഷന്‍ അനിവാര്യമാകുമെന്നും മുഖ്യമന്ത്രിയെ വിജിലന്‍സ് അറിയിച്ചതായും സൂചനയുണ്ട്.
വിവാദ നിയമനങ്ങളെല്ലാം റദ്ദാക്കുന്നതിലേക്ക് സി പി എം നീങ്ങുമെന്നാണ് വിവരം. ബന്ധു നിയമനം വിവാദമായതോടെ വ്യവസായ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സജീവമായി രംഗത്തുണ്ട്. അതേസമയം, എല്‍ ഡി എഫിനുമേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കണമെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സ്വജനപക്ഷപാതം നിസ്സംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ല. ഉന്നതയോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്ത്യമായ കുറ്റവും അനീതിയുമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്നണി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അത് എല്‍ ഡി എഫിന് മേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.