നിക്ഷേപ നഗരങ്ങളില്‍ ലോകത്ത് രണ്ടാമത് ദോഹ

Posted on: October 11, 2016 8:35 pm | Last updated: October 11, 2016 at 8:35 pm

ദോഹ: നിക്ഷേപത്തിന് ശിപാര്‍ശ ചെയ്യപ്പെടുന്ന ലോകത്തെ രണ്ടാമത്തെ നഗരമാണ് ദോഹയെന്ന് റിപ്പോര്‍ട്ട്. 2025ല്‍ ലോകനഗരങ്ങളുടെ ഭാവിയും സാമ്പത്തിക സ്ഥിതിയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അല്‍ അസ്മഖ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ഖത്വറിലെ കെട്ടിട നിര്‍മാണ മേഖല 2019 വരെ എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ച നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ സമ്പന്ന നഗരങ്ങള്‍ക്കിടയില്‍ മുന്‍നിര സ്ഥാനം ദോഹക്കായിരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2022ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ കരുത്താണ് നല്‍കുക. നിലവില്‍ 261 ബില്യന്‍ ഖത്വര്‍ റിയാലിന്റെ (71 ബില്യന്‍ ഡോളര്‍) കരാറിനുള്ള പദ്ധതികളാണ് പുരോഗമിക്കുന്നത്. എണ്ണ, വാതക പദ്ധതികളും സ്വകാര്യ മേഖലയില്‍ നടക്കുന്ന പദ്ധതികളും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് രാജ്യത്തെ നിര്‍മാണ മേഖല. 2011- 15 കാലയളവില്‍ നിര്‍മാണ വ്യവസായത്തിന്റെ വാര്‍ഷിക സംയോജിത വളര്‍ച്ചാ നിരക്ക് 15.60 ശതമാനമായിരുന്നു. നിര്‍മാണ വ്യവസായ മേഖലയില്‍ വളര്‍ച്ച നേടാനുള്ള പ്രധാന ഘടകം അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ ചെലവഴിക്കലാണ്. എണ്ണ, വാതകം മേഖലകളിലെ ആശ്രയത്വം കുറച്ച് സമ്പദ്ഘടന വൈവിധ്യവത്കരിക്കുന്നതിനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണിത്. അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ സര്‍ക്കാര്‍ നിക്ഷേപവും താമസകെട്ടിട നിര്‍മാണം വര്‍ധിക്കുന്നതും നിര്‍മാണ മേഖലയുടെ കൂടുതല്‍ വളര്‍ച്ചക്ക് കാരണമാകും.