സീറ്റ് ബെല്‍റ്റിടാന്‍ മടിക്കുന്നവരെ വരുതിയിലാക്കാന്‍ ഉപകരണം വരുന്നു

Posted on: October 11, 2016 8:30 pm | Last updated: October 12, 2016 at 7:54 pm

seat beltദോഹ: സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മടിക്കുന്നവരെയും അലസത കാരണം മറന്നുപോകുന്നവരെയും നിലക്കുനിര്‍ത്താനായി പുതിയ സുരക്ഷാ ഉപകരണം ഉടന്‍ ഖത്വര്‍ വിപണിയില്‍ ലഭ്യമാകും. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ എന്‍ജിന്‍ സ്റ്റാര്‍ട്ടാകാത്ത ‘ലൈഫ് ബെല്‍റ്റ്’ എന്ന പുതിയ ഉപകരണമാണ് വരുന്നത്. ഉപകരണം വിപണി പിടിക്കുമെന്നാണ് വിതരണക്കാരുടെ കണക്കുകൂട്ടല്‍.
സീറ്റ് ബെല്‍റ്റ് ഇഗ്‌നിഷന്‍ ഇന്റര്‍ലോക്ക് സംവിധാനമാണിത്. മോഡം പോലുള്ള ഉപകരണം വാഹനത്തില്‍ ഘടിപ്പിച്ചാല്‍ സീറ്റ് ബെല്‍റ്റ് കുടുക്കുന്നതു വരെ എന്‍ജിന്‍ സ്റ്റാര്‍ട്ടാകില്ല. 550 ഖത്വര്‍ റിയാലായിരിക്കും വില. രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഉപകരണം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെന്നും അജ്‌യാല്‍ ടെക് ഐ ടി കമ്പനി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സൈദ് അല്‍ ഹംദാന്‍ അറിയിച്ചു. 2009ല്‍ റോബട്ട് അലിസണാണ് സുരക്ഷാ ഉപകരണം വികസിപ്പിച്ചത്.
ലൈഫ് ബെല്‍റ്റിന്റെ രാജ്യാന്തര വിതരണാവകാശം അജ്‌യാല്‍ ടെകിനു ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര ഐ സ് ഒ സര്‍ട്ടിഫിക്കറ്റ് നേടിയ കമ്പനിയാണ് ഉപകരണത്തിന്റെ നിര്‍മാതാക്കളെന്നും ആഴ്ചയില്‍ 20,000 യൂനിറ്റ് ലൈഫ് ബെല്‍റ്റുകള്‍ നിര്‍മിക്കാന്‍ കമ്പനിക്കു ശേഷിയുണ്ടെന്നും അല്‍ ഹംദാനെ ഉദ്ധരിച്ച് ദ് പെനിന്‍സുല റിപ്പോര്‍ട്ടു ചെയ്തു. ലൈഫ് ബെല്‍റ്റില്‍ തങ്ങളുടെ ഐ ടി കമ്പനി ചില പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ അപകട മരണങ്ങള്‍ 80 ശതമാനവും ഒഴിവാക്കാവുന്നതാണെന്ന് ആഗോള തലത്തില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളും സ്ഥാപന ഉടമകളുമാകും സീറ്റ് ബെല്‍റ്റ് ബന്ധിത ഉപകരണത്തിന്റെ പ്രധാന ആവശ്യക്കാരെന്ന് അല്‍ ഹംദാന്‍ അഭിപ്രായപ്പെട്ടു. കുട്ടികളില്‍ സീറ്റ് ബെല്‍റ്റ് അവബോധം ഉയര്‍ത്താന്‍ ഉപകരണം സഹായിക്കുമെന്നതിനാല്‍ രക്ഷിതാക്കള്‍ ലൈഫ് ബെല്‍റ്റിനെ സ്വീകരിക്കും. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥാപന ഉടമകളും ഉപകരണത്തിന്റെ മുഖ്യ ആവശ്യക്കാരാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
തൊഴിലാളികള്‍ക്കുള്ള വാഹനങ്ങളില്‍ ലൈഫ് ബെല്‍റ്റ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്വറിലെ വിവിധ വ്യാവസായിക യൂനിറ്റുകളുമായി അജ്‌യാല്‍ ടെക് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. വുഖൂദ് പെട്രോള്‍ സ്‌റ്റേഷനുകള്‍ വഴി ഉപകരണം വില്പന നടത്തുന്നതു സംബന്ധിച്ച് കമ്പനിയുമായി ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി.
ഉപകരണത്തിന്റെ പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് അഞ്ചു വര്‍ഷമായി പരിശോധന നടത്തിയെന്നും അതുകൊണ്ടു തന്നെ ഫലപ്രാപ്തി സംബന്ധിച്ച് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളും സ്ഥാപനങ്ങളുമായി സഹകരിച്ച് കമ്പനി റോഡ് സുരക്ഷാ ബോധവത്കരണം നടത്തിവരുന്നുണ്ടെന്നും 25 രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡ് അപകടങ്ങളിലെ ഇരകളാണ് ക്യാംപയ്‌ന്റെ മുഖ്യ പ്രചാരകരെന്നും അദ്ദേഹം അറിയിച്ചു.