ഹൊസ്സുവിന് ഒമ്പത് സ്വര്‍ണം; 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ഖത്വര്‍ താരം എട്ടാമത്‌

Posted on: October 11, 2016 8:28 pm | Last updated: October 11, 2016 at 8:28 pm
ഹമദ് അക്വാട്ടിക് സെന്ററില്‍ നടക്കുന്ന ഫിന എയര്‍വീവ് നീന്തല്‍ ലോകകപ്പ്  മത്സരത്തില്‍ നിന്ന്‌
ഹമദ് അക്വാട്ടിക് സെന്ററില്‍ നടക്കുന്ന ഫിന എയര്‍വീവ് നീന്തല്‍ ലോകകപ്പ്
മത്സരത്തില്‍ നിന്ന്‌

ദോഹ: ഫിന എയര്‍വീവ് നീന്തല്‍ ലോകകപ്പില്‍ ഹംഗറിയുടെ ലോക ചാമ്പ്യന്‍ കാറ്റിന്‍ക ഹൊസ്സു ഒമ്പത് സ്വര്‍ണം നേടി. ആദ്യ ദിനം നാല് സ്വര്‍ണം നേടിയ ഹൊസ്സു ഇന്നലെ അഞ്ച് സ്വര്‍ണം നേടി. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക്, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ, 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ ഇനങ്ങളിലാണ് ഹൊസ്സു സ്വര്‍ണം നേടിയത്. 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് ഫൈനലില്‍ ഖത്വറിന്റെ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ എട്ടാമതായി ഫിനിഷ് ചെയ്തു. 30.33 സെക്കന്‍ഡ് ആണ് സമയം. മറ്റ് ഖത്വരി താരങ്ങള്‍ പൊതുവെ നിരാശപ്പെടുത്തി.
ആദ്യദിനം രണ്ടു സ്വര്‍ണം നേടിയ ഡെന്‍മാര്‍ക്കിന്റെ ജെനെറ്റെ ഒറ്റേസണ്‍ ഇന്നലെ 100മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും ഹൊസ്സുവിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി സ്വര്‍ണനേട്ടം നാലാക്കി. ആസ്‌ത്രേലിയയുടെ മാഡലിന്‍ ഗ്രോവ്‌സിനാണ് രണ്ടിനത്തിലും വെങ്കലം. 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ഉക്രൈ ്‌നിന്റെ ദര്യാന സെവിനയെ പിന്തള്ളിയാണ് ഹൊസ്സു സ്വര്‍ണം നേടിയത്. ഈയിനത്തില്‍ 2014ല്‍ ഹൊസ്സു ദോഹയില്‍ ലോകറെക്കോര്‍ഡിട്ടിരുന്നു. 200 മീ്റ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ ആസ്‌ത്രേലിയയുടെ മാഡലിന്‍ ഗ്രോവ്‌സിനെ രണ്ടാമതാക്കി ഹൊസ്സു സ്വര്‍ണം നിലനിര്‍ത്തി. ഹംഗറിയുടെ സൂസന്ന ജേക്കബ്‌സ് വെങ്കലവും നേടി. 50 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ ജമൈക്കയുടെ ആലിയ അറ്റ്കിന്‍സണ്‍ സ്വര്‍ണവും റഷ്യയുടെ യൂലിസ എഫിമോവ വെള്ളിയും നേടി. പുരുഷവിഭാഗം 100 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ റഷ്യയുടെ വ്‌ളാദിമിര്‍ മൊറോസോവ് സ്വര്‍ണവും ബ്രസീലിന്റെ ലിമ ഫെലിപ് വെള്ളിയും നേടി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും ലോകചാമ്പ്യന്‍ ദക്ഷിണാഫ്രിക്കയുടെ ചാദ് ലെ ക്ലോസ് സ്വര്‍ണം നിലനിര്‍ത്തി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ 2014ല്‍ ക്ലോസ് ദോഹയില്‍ ലോകറെക്കോര്‍ഡിട്ടിരുന്നു. ജപ്പാന്റെ തകേഷി കവാമോട്ടോക്കാണ് വെള്ളി. 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ബെലാറസിന്റെ സാന്‍കോവിച് പാവെലിനാണ് സ്വര്‍ണം. ഈയിനത്തില്‍ പന്ത്രണ്ടാമതായാണ് മറ്റൊരു ഖത്വര്‍ താരം ഹസന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഉബൈദാന്‍ ഫിനിഷ് ചെയ്തത്. 200 മീറ്റര്‍ വ്യക്തിഗതമെഡ്‌ലേയില്‍ ജപ്പാന്റെ ദാല്യ സെറ്റോയും 200 മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ ആസ്‌ത്രേലിയയുടെ ബോബി ഹര്‍ലിയും ഒന്നാമതെത്തി. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ റഷ്യയുടെ വ്‌ളാദിമിര്‍ മോറോസോവിനാണ് സ്വര്‍ണം. 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ഖത്വറിന്റെ മൂന്നുതാരങ്ങളും ഹീറ്റ്‌സില്‍ അവസാനമായാണ് ഫിനിഷ് ചെയതത്. നാസര്‍ യാസര്‍ ഹസന്‍ 18ാമതും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ 19ാമതും യൂസുഫ് മുഹമ്മദ് 20ാം സ്ഥാനത്തും ഫിനിഷ് ചെയതു. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലും ഖത്വര്‍ താരങ്ങള്‍ ഫൈനലിലെത്തിയില്ല. ഒളിമ്പ്യന്‍ നൂഹ് അല്‍ ഖുലൈഫിക്ക് 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു. മുഹമ്മദ് ഫഹദ് ഹുസൈന്‍ 17ാമതും മുര്‍ദിഫ് അല്‍ ഖഷൗതി 19ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ആറ് ഖത്വര്‍ താരങ്ങളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. എല്ലാവരും നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. നൂഹ് ഖുലൈഫി 23ാം സ്ഥാനത്തെത്തിയത് മാത്രമാണ് എടുത്തുപറയാവുന്ന നേട്ടം. 33ാമതെത്തിയ ഫാരിസ് സെയ്ദി, 38 ാമതെത്തിയ അബ്ദുര്‍റഹ്മാന്‍ ഖാലിദ് അല്‍ കുവാരി, 43ാമതെത്തിയ മുഹമ്മദ് യൂസുഫ്, 47, 48 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത മുഹമ്മദ് മഹ്മൂദ്, മുഹമ്മദ് ഫഹദ് ഹുസൈന്‍ എന്നിവരായിരുന്നു മറ്റ് ഖത്വര്‍ താരങ്ങള്‍. 200മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഹീറ്റ്‌സില്‍ ഫാരിസ് സെയ്ദിക്ക് 20ാമതെത്താനെ കഴിഞ്ഞുള്ളു. മെസലാം അബ്ദുല്ല അല്‍ നാബിതും മുഹമ്മദ് ഫഹദ് ഹുസൈനും മുഹമ്മദ് മഹ്മൂദും അവസാന സ്ഥാനങ്ങളിലായി. 200 മീറ്റര്‍ മെഡ്‌ലേ ഹീറ്റ്‌സില്‍ അബ്ദുല്ല മുഹമ്മദ് അബു ഗസാല 15ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.