ഇസ്‌ലാമിനെ ഭീകരവാദ പ്രസ്ഥാനമായി ചിത്രീകരിക്കാന്‍ ആഗോളശ്രമം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Posted on: October 9, 2016 5:11 pm | Last updated: October 10, 2016 at 10:21 am
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവ സംഗമത്തിന്റെ ഭാഗമായി നടന്ന അക്കാഡമിക് സെഷൻ സ്പീക്കർ പി ശ്രിരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവ സംഗമത്തിന്റെ ഭാഗമായി നടന്ന അക്കാഡമിക് സെഷൻ സ്പീക്കർ പി ശ്രിരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തലപ്പാറ: ഇസ്‌ലാമിനെ ഭീകരവാദത്തിന്റെ മറുവശമാണെന്ന് പ്രചരിപ്പിക്കാന്‍ ആഗോളവ്യാപകമായി ശക്തമായ ഗൂഢാലോചന നടക്കുന്നതായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഇതിനെതിരെ ലോക വ്യാപകമായി ചെറത്തുനില്‍പ്പുകള്‍ നടക്കേണ്ടതുണ്ട്. ചെറിയൊരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സമൂഹത്തിനാകമാനം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. മമ്പുറം തങ്ങളും കോന്തുനായരും; നാടുന്നണര്‍ത്തുന്ന സൗഹൃദം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനസംഗമത്തിന്റെ ഭാഗമായുള്ള അക്കാദമിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറേബ്യന്‍ ജീവിത രീതി സ്വീകരിക്കാനാണ് ചില സംഘടനകള്‍ ശ്രമിക്കുന്നത്. പ്രാദേശികമായ ബന്ധങ്ങള്‍ വിഛേദിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇങ്ങിനെ ഒറ്റപ്പെട്ട വിഭാഗങ്ങളായി മാറുന്നത് ഇത്തരം സംഘടനകള്‍ക്ക് അനുകൂലമായി മാറുകയും നിലവിലെ സൗഹൃദാന്തരീക്ഷത്തെ തകര്‍ക്കുകയും ചെയ്യുന്നു. മമ്പുറം തങ്ങളെ പോലുള്ള മഹല്‍ വ്യക്തിത്വങ്ങളെ പഠിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ജീവിത രീതി സ്വീകരിക്കാന്‍ സാധ്യമല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കേരളത്തില്‍ ഐ എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ മതസൗഹാര്‍ദത്തിന്റെ ഊഷ്മളമായ ബന്ധം അനാവരണം ചെയ്ത് എസ് എസ് എഫ് സംഘടിപ്പിച്ച മാനവ സംഗമം വേറിട്ട അനുഭവമായി. ഹൃദയം നിറക്കുന്ന സൗഹൃദത്തിന് മതത്തിന്റെ അതിര്‍വരമ്പുകളിടാന്‍ സാധ്യമല്ലെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മമ്പുറം സയ്യിദ് അലവി തങ്ങളും അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ കോന്തുനായരും തമ്മിലുണ്ടായിരുന്ന ആത്മ ബന്ധത്തിന്റെ ചരിത്രത്തിലൂടെ മനുഷ്യ സൗഹൃദത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്ന വിവിധ സെഷനുകളാല്‍ പ്രൗഢമായിരുന്നു മാനവസംഗമം.

സൗഹാര്‍ദ സമ്മേളനം അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ ടി ജലീല്‍ സംബന്ധിച്ചു. കേരളത്തിലെത്തിയ സയ്യിദുമാര്‍, മമ്പുറം തങ്ങള്‍ ജീവിതം, ദര്‍ശനം, മമ്പുറം തങ്ങളുടെ സാമൂഹിക ഇടപെടല്‍, മമ്പുറം തങ്ങളുടെ പോരാട്ട നിലപാടുകള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, എന്‍ എം സ്വാദിഖ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ അബ്ദുല്‍കലാം, ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, എം മുഹമ്മദ് സ്വാദിഖ്, ബശീര്‍ ഫൈസി വെണ്ണക്കോട്, എം അബ്ദുല്‍ മജീദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. കെ കെ എന്‍ കുറുപ്പ്, എം നിസാര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.