ഓപ്പണ്‍ സ്‌കൂള്‍ കേന്ദ്രം മാറ്റാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു

Posted on: October 9, 2016 10:35 am | Last updated: October 9, 2016 at 10:35 am

മലപ്പുറം: ജില്ലയിലെ കേരള ഓപ്പണ്‍ സ്‌കൂള്‍ കേന്ദ്രം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അധികൃതര്‍ ഈ നീക്കം ഉപേക്ഷിച്ചു. മലബാറിലെ ആറ് ജില്ലകള്‍ക്കായി 2013ല്‍ യു ഡി എഫ് സര്‍ക്കാറാണ് കേന്ദ്രം ആരംഭിച്ചത്. സ്‌കൂള്‍ വഴി അപേക്ഷിച്ചവരില്‍ എഴുപത് ശതമാനവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു,
മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം ഇരുപത്തിഅയ്യായിരം അപേക്ഷകളാണ് ഈ വര്‍ഷം ഉണ്ടായിരുന്നത്. ഈ അപേക്ഷകള്‍ പരിശോധനക്കെന്നും പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചിരുന്നു. നേരത്തെ കോഡിനേറ്റര്‍, സൂപ്രണ്ട് ഉള്‍പ്പെടെ പത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ സൂപ്രണ്ട് 2015ലും കോഡിനേറ്റര്‍ 2016 ജൂണിലും സ്ഥലം മാറി പോവുകയും ചെയ്തതോടെ ഇതുവരെയും പുതുതായി ആളെ നിയമിച്ചിരുന്നില്ല. കേന്ദ്രം മാറ്റാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പ്രതിപക്ഷ സംഘടനകളും ഇന്നലെ സമരവുമായി രംഗത്തെത്തി. മുസ്‌ലിം യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ സ്‌കൂള്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഓപ്പണ്‍ സ്‌കൂള്‍ (സ്‌കോള്‍ കേരള) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ എം ഖലീല്‍ ഇന്നലെ മലപ്പുറത്തെത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം പിന്‍വലിക്കുന്നതായി അറിയിച്ചത്. പി ഉബൈദുല്ല എം എല്‍ എ, മുസ്‌ലിം യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മേഖലാ കേന്ദ്രം പൂട്ടാനുള്ള ഒരു നടപടിയും ഉണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സൂക്ഷ്മ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയായ 9000 അപേക്ഷകള്‍ മേഖലാ കേന്ദ്രം ഓഫീസില്‍ തന്നെ സൂക്ഷിക്കണമെന്നും സൂക്ഷ്മ പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ മലബാറിലെ ജില്ലയില്‍ നിന്നുള്ള അപേക്ഷകള്‍ തിരുവനന്തപുരത്തു നിന്നു വീണ്ടും മലപ്പുറം റീജിയണല്‍ ഓഫീസിലേക്ക് തന്നെ തിരികെ എത്തിക്കുമെന്നും ഡയറക്ടര്‍ ഉറപ്പ് നല്‍കി.