ഈര്‍ക്കിളില്‍ വിസ്മയം തീര്‍ത്ത് മാധവന്‍

Posted on: October 8, 2016 10:17 am | Last updated: October 8, 2016 at 10:17 am
 മാധവന്‍ ഈര്‍ക്കിളില്‍ നിര്‍മിച്ച ജീപ്പിന്റെ മാതൃകയുമായി
മാധവന്‍ ഈര്‍ക്കിളില്‍ നിര്‍മിച്ച ജീപ്പിന്റെ മാതൃകയുമായി

വളാഞ്ചേരി: തെങ്ങോലയുടെ ഈര്‍ക്കിളില്‍ മനോഹരങ്ങളായ രൂപങ്ങള്‍ തീര്‍ക്കുകയാണ് കൊടുമുടി സ്വദേശി മാധവന്‍. വീട് മുതല്‍ ജീപ്പ് വരെ മാധവന്റെ കരവിരുതില്‍ പിറവി കൊണ്ടിട്ടുണ്ട്. ചൂലുണ്ടാക്കി അടിച്ചുവാരാന്‍ മാത്രമല്ല, കുറച്ച് ഈര്‍ക്കിളുകള്‍ കിട്ടിയാല്‍ മനോഹരങ്ങളായ രൂപങ്ങള്‍ കൂടി ഉണ്ടാക്കാം എന്ന് തെളിയിക്കുകയാണ് വളാഞ്ചേരി കൊടുമുടി സ്വദേശിയായ മാധവന്‍.
നിര്‍മിച്ച മോഡലുകള്‍ ഒറിജിനുകളെ വെല്ലുംവിധമാണ്. വീട്ടിലെ ചൂലുകളുടെ എണ്ണം കുറഞ്ഞ് വരുമ്പോള്‍ മാധവന്റെ മുറിയില്‍ ജീപ്പും കാറും വീടുമെല്ലാം പിറവിയെടുക്കുകയായിരുന്നു. ഈര്‍ക്കിള്‍ കൊണ്ടുണ്ടാക്കിയ വീട്ടില്‍ കിണറും സ്വിമ്മിംഗ് പൂളുമെല്ലാം ഉണ്ട്. എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ച് വീട്ട് മുറ്റം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഈര്‍ക്കിള്‍ ജീപ്പാണ് മാധവന്റെ ഈ കഴിവിനെ പുറം ലോകത്തെത്തിച്ചത്. മാധവന്‍ നിര്‍മിച്ച ജീപ്പിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് ലഭിച്ചത്. 15 വര്‍ഷത്തോളമായി വര്‍ക്ക്‌ഷോപ്പ് ജോലി ചെയ്യുകയാണ് മാധവന്‍.
ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഈര്‍ക്കിളുകള്‍ വെട്ടിയെടുത്ത് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും. ചിലപ്പോള്‍ മാസങ്ങളുടെ പരിശ്രമം കൊണ്ടാണ് പലതും പൂര്‍ത്തിയാക്കുന്നത്. വിനോദമായി തുടങ്ങിയ നിര്‍മാണ പ്രവൃത്തി ജീവിതത്തിന്റെ വരുമാനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഈ യുവാവ്. വെറുതെ ഇരുന്ന് സമയം കളയാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് തന്നെ കൂടുതല്‍ രൂപങ്ങള്‍ നിര്‍മിച്ച് ജീവിത വരുമാനം കണ്ടെത്താന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് മാധവന്‍. മാധവന് പിന്തുണയുമായി സുഹൃത്തുക്കളും വീട്ടുകാരും കൂടെയുണ്ട്.