Connect with us

National

ഇന്ത്യ- പാക് അതിര്‍ത്തി പൂര്‍ണമായി അടക്കുമെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. 2018നകം അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്നും അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആഭ്യന്തര മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വെച്ചാണ് ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
1048 കിലോമീറ്റര്‍ ദൂരം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇതുള്‍പ്പെടെയുള്ള രാജ്യാതിര്‍ത്തി ഇസ്‌റാഈല്‍ മോഡല്‍ മതില്‍ കെട്ടി അടക്കാന്‍ കഴിയുമോ എന്നതിന്റെ സാധ്യതകളാണ് ഇന്ത്യ ഇപ്പോള്‍ പരിശോധിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ വലിയ രീതിയില്‍ നുഴഞ്ഞുകയറ്റം തടയാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നതെങ്കിലും പഞ്ചാബ്, ജമ്മു കശ്മീര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ മുഴുവന്‍ അതിര്‍ത്തിയും ലേസര്‍ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നതോടെയാണ് അതിര്‍ത്തി പൂര്‍ണമായും അടക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ പുരോഗമിക്കുന്നത്.
ആദ്യഘട്ടത്തില്‍ 2,300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടക്കാനാണ് പദ്ധതി. ഇതോടൊപ്പം ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു. അതേസമയം, നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ പരമ്പരാഗത രീതിയിലുള്ള മുള്ളുവേലി കെട്ടുന്നത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

---- facebook comment plugin here -----

Latest