Connect with us

National

തമിഴ്‌നാട്ടില്‍ നേതൃമാറ്റത്തിന് സാധ്യത; ഒ. പനീര്‍സെല്‍വം ഗവര്‍ണറുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗറുമായി മന്ത്രിമാരായ ഒ പനീര്‍ ശെല്‍വം, കെ പളനിസ്വാമി എന്നിവര്‍ രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തുന്നു

ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗറുമായി മന്ത്രിമാരായ ഒ പനീര്‍ ശെല്‍വം, കെ പളനിസ്വാമി എന്നിവര്‍ രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അവ്യക്തത തുടരുകയും ആശുപത്രിവാസം നീളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനത്തെ കുറിച്ച് ചര്‍ച്ച തുടങ്ങി. ഇതിന്റെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറി, മന്ത്രിമാര്‍ എന്നിവരുമായി ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരായ ഒ പനീര്‍ശെല്‍വം, എടപ്പാടി കെ പളനിസ്വാമി എന്നിവരുമായി രാജ്ഭവനില്‍ വെച്ചാണ് ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയത്. ജയലളിതയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാക്കളാണ് ഇരുവരും. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചീഫ് സെക്രട്ടറിയോടും മന്ത്രിമാരോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. ആരോഗ്യസ്ഥിതിയെ കുറിച്ച് ചീഫ് സെക്രട്ടറി ഗവര്‍ണറോട് വിശദീകരിച്ചു. പൊതുഭരണം സംബന്ധിച്ചും ഗവര്‍ണര്‍ ആരാഞ്ഞു. ദൈനംദിന പ്രക്രിയകള്‍ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരിച്ചു കൊടുത്തുവെന്നും രാജ്ഭവന്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.
ഭാവി കാര്യത്തില്‍ ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കും. പനീര്‍ ശെല്‍വത്തെയോ പളനി സ്വാമിയെയോ ചുമതലയേല്‍പ്പിക്കുന്നതിന്റെ സാധ്യത ആരായുന്നുണ്ടെന്നാണ് വിവരം. മുമ്പ് രണ്ട് തവണ മുഖ്യമന്ത്രിപദമേറ്റെടുത്ത പനീര്‍ ശെല്‍വത്തിനാണ് മുന്‍ഗണന.
അതേസമയം, ജയലളിത ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടക്കാല മുഖ്യമന്ത്രി ആവശ്യമില്ലെന്നാണ് എ ഐ എ ഡി എം കെ നേതാക്കള്‍ പുറത്ത് പറയുന്നത്. ഇത്തരമൊരു സാഹചര്യവുമില്ലെന്ന് പാര്‍ട്ടി വക്താവ് ആവഡി കുമാര്‍ പറഞ്ഞു.
ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നേരത്തെ അനധികൃത സ്വത്ത് കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടപ്പോള്‍ ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ ഇടക്കാല മുഖ്യമന്ത്രിയുടെ ആവശ്യമില്ലെന്ന് എ ഐ എ ഡി എം കെ നേതാക്കള്‍ വ്യക്തമാക്കി.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരം ഇതുവരെ സര്‍ക്കാറോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളുകയും ചെയ്തിരുന്നു.
ജയലളിത കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജയലളിതയെ പരിശോധിക്കുന്നതിനായി യു കെയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ക്ക് പുറമെ ഡല്‍ഹി എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരും അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു. സെപ്തംബര്‍ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചു.