വരുന്നൂ, ദുബൈ വിളക്ക്‌

Posted on: October 7, 2016 7:39 pm | Last updated: October 7, 2016 at 9:52 pm
നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പദ്ധതി വിശദീകരിക്കുന്നു
നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പദ്ധതി വിശദീകരിക്കുന്നു

ദുബൈ: വൈദ്യുതി ലാഭിക്കാനായി നഗരസഭ ദുബൈ ലാംപ്’എന്ന പേരില്‍ എല്‍ ഇ ഡി ബള്‍ബുകള്‍ വിപണിയിലിറക്കും. ഫിലിപ്‌സ് ലൈറ്റിംഗുമായി ഇതുസംബന്ധിച്ച് കരാറൊപ്പിട്ടു. 200 ലൂമന്‍ വാട്ട് ബള്‍ബുകളുടെ പ്രകാശനം ട്രേഡ് സെന്ററില്‍‘വെറ്റക്‌സ് മേളയില്‍ നടന്നു. വര്‍ഷാവസാനത്തോടെ ബള്‍ബുകള്‍ ദുബൈ വിപണിയില്‍ ലഭ്യമാക്കുമെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത അ അറിയിച്ചു.
പരമ്പരാഗത ബള്‍ബുകളേക്കാള്‍ വൈദ്യുതോപഭോഗം പത്തിലൊന്നായി കുറക്കുന്നതാണ് ദുബൈ ലാംപ്. 15 വര്‍ഷത്തെ ഈടും ഉറപ്പുനല്‍കുന്നു. വെള്ള, മഞ്ഞ നിറങ്ങളിലായി നാല് തരത്തിലുള്ള ബള്‍ബുകളാണ് ഇറക്കിയിട്ടുള്ളത്. വീടുകളില്‍ ഉപയോഗിക്കപ്പെടുന്ന 80 ശതമാനം ബള്‍ബുകള്‍ക്കും പകരമായി ദുബൈ ലാംപുകള്‍ ഉപയോഗിക്കാനാകുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി. 2017-ല്‍ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്നതിനായി 20 ലക്ഷത്തോളം ബള്‍ബുകള്‍ ഉത്പാദിപ്പിക്കും.
2021 ആകുമ്പോഴേക്കും ഒരു കോടി ബള്‍ബുകള്‍ വിപണിയിലിറങ്ങും.കാര്‍ബണ്‍ വമിക്കല്‍ കുറക്കാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നെന്ന് ഹുസൈന്‍ നാസ്സര്‍ ലൂത്ത പറഞ്ഞു. ഊര്‍ജ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഇത് സഹായകമാകും.