ഭീതി വിതച്ച് മാത്യു കൊടുങ്കാറ്റ് യുഎസില്‍; ഹെയ്ത്തിയില്‍ മരണം 264 ആയി

Posted on: October 7, 2016 2:11 pm | Last updated: October 7, 2016 at 3:08 pm

mathew-hurrycaneവാഷിംഗ്ടണ്‍: വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഢത്തില്‍ ഭീതിവിതച്ച് ആഞ്ഞുവീശുന്ന മാത്യു കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 264 ആയി. കൊടുങ്കാറ്റ് അതിരൂക്ഷമായി വീശിയ ഹെയ്ത്തിയിലാണ് ഇത്രയും ആളുകള്‍ മരിച്ചത്. അതിനിടെ, മാത്യു കൊടുങ്കാറ്റ് അമേരിക്കയിലേക്ക് കടന്നു. വെള്ളിയാഴ്ച രാവിലെ ഫ്‌ളോറിഡയിലാണ് കാറ്റ് വീശിയത്. ഫ്‌ളോറിഡയില്‍ എത്തിയപ്പോഴേക്കും കൊടുങ്കാറ്റിന്റെ തീവ്രത കാറ്റഗറി നാലില്‍ നിന്ന് മൂന്നായി കുറഞ്ഞിരുന്നു. 120 മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.

അപകടം മുന്നില്‍കണ്ട് ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളിന എന്നിവിടങ്ങളില്‍ ഇന്നലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രണ്ട് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഓര്‍ലാന്‍ഡോയിലെ പ്രശസ്തമായ വാള്‍ട്ട് ഡിസ്‌നി വേള്‍ഡ്, യൂനിവേഴ്‌സല്‍ സ്റ്റുഡിയോസ്, സീവേള്‍ഡ് തീം പാര്‍ക്കുകള്‍ അടച്ചു. 170000 ആളുകള്‍ക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എഴുപത് ലക്ഷത്തില്‍ അധികം ആളുകളെ മാത്യു കൊടുങ്കാറ്റ് ബാധിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.