രണ്ടാനമ്മ വീട് പൂട്ടി സ്ഥലം വിട്ടു; നാല് കുട്ടികള്‍ പെരുവഴിയില്‍

Posted on: October 7, 2016 12:36 pm | Last updated: October 7, 2016 at 2:47 pm

step-motherമലപ്പുറം: രണ്ടാനമ്മ കുട്ടികളെ പുറത്താക്കി വീട് പൂട്ടി സ്ഥലം വിട്ടു. മൂന്ന് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികള്‍ പെരുവഴിയില്‍. മലപ്പുറം കൂട്ടായിയിലാണ് കണ്ണില്ലാത്ത ഈ ക്രൂരത. രണ്ട് ദിവസമായി വീടിന്റെ വരാന്തയില്‍ കഴിച്ചുകൂട്ടുന്ന കുട്ടികളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

കുട്ടികളുടെ മാതാവ് മരിച്ചതിനെ തുടര്‍ന്നാണ് പിതാവ് മറ്റൊരു വിവാഹം ചെയ്തത്. ഇദ്ദേഹം വിദേശത്തേക്ക് പോയപ്പോഴാണ് രണ്ടാനമ്മ കുട്ടികളെ പുറത്താക്കി വീട് പൂട്ടിയത്. സ്വന്തം മക്കളെയും എടുത്ത് രണ്ടാനമ്മയായ സ്ത്രീ സ്വവസതിയിലേക്ക് പോകുകയായിരുന്നു. കുട്ടികളുടെ സ്‌കൂള്‍ ബാഗും വസ്ത്രങ്ങളും പുറത്തേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസം വീടിന് പുറത്ത് കഴിച്ചുകൂട്ടിയ കുട്ടികളെ സമീപത്ത് താമസിക്കുന്ന ബന്ധുക്കളാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു. ഇതിനിടെ മൂന്ന് വയസ്സായ കുട്ടിയെ മാതാവിന്റെ ബന്ധുക്കള്‍ എത്തി ഏറ്റെടുത്തിട്ടുണ്ട്.

രണ്ടാനമ്മ സ്ഥിരമായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാനമ്മയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ എടുക്കുമെന്നാണ് വിവരം.