ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം: കേന്ദ്ര ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

Posted on: October 7, 2016 6:00 am | Last updated: October 6, 2016 at 11:32 pm
കേരള ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ കേന്ദ്ര മന്ത്രി രാംവിലാസ്          പാസ്വാനുമായി  കൂടിക്കാഴ്ച നടത്തുന്നു
കേരള ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്തമാസം മുതല്‍ കേരളത്തിന് ആനുകൂല്യങ്ങള്‍ ലഭിച്ച് തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്രം നിര്‍ദേശിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടുത്തവര്‍ഷം മാര്‍ച്ച് വരെ കാത്തു നില്‍ക്കേണ്ടതില്ലെന്നും അടുത്ത മാസം നിയമം നടപ്പിലാക്കിയ ശേഷം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് മന്ത്രി പി തിലോത്തമന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ഭക്ഷ്യ ധാന്യങ്ങളുടെ ഇടക്കാല അലോട്ട്‌മെന്റ്ഓണത്തിന് മുമ്പ് കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു. ഒപ്പം എ പി എല്‍ സബ്‌സിഡി എടുത്തു കളയുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, റേഷന്‍ ഉപഭോക്താക്കളുടെ മുന്‍ഗണനാ പട്ടിക കുറ്റമറ്റതായി തയ്യാറാക്കുന്നതിന് അടുത്തവര്‍ഷം മാര്‍ച്ച് വരെ കേരളം സമയം ആവശ്യപ്പെട്ടുവെങ്കിലും ഇതിന് കാത്തു നില്‍ക്കേണ്ടന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇതോടെ പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ അടുത്തമാസം ഒന്നുമുതല്‍ ലഭ്യമാകുമെന്ന് ഉറപ്പായതായി മന്ത്രി പറഞ്ഞു. സംസ്ഥാന ഫുഡ് കമ്മീഷന്റെ ചുമതല സംസ്ഥാന കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മീഷന് നല്‍കാനും ജില്ലാ ഗ്രിവന്‍സ് റിഡ്രസ്സല്‍ ഉദ്യോഗസ്ഥരായി എല്ലാ ജില്ലകളിലും എ ഡി എമ്മി നെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.
കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അഡീഷനല്‍ റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ വി കെ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.