Connect with us

Gulf

ടാക്‌സി സേവനത്തിന് ഇനി ആര്‍ ടി എയും കരീം നെറ്റ്വര്‍ക്‌സും

Published

|

Last Updated

ദുബൈ: ലിമോസിന്‍, ടാക്‌സി സേവനങ്ങളുടെ ഓണ്‍ ലൈന്‍ ബുക്കിംഗ് രംഗത്തെ പ്രമുഖരായ കരീം നെറ്റ്വര്‍ക്‌സുമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) കരാര്‍ ഒപ്പിട്ടു. 9,841 ടാക്‌സികളും 4,700 ലിമോസിനുകളും ഓണ്‍ലൈന്‍ വഴിയോ സ്മാര്‍ട് ആപ് വഴിയോ ലഭ്യമാകും. ആര്‍ ടി എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍, കരീം സ്ഥാപകനും മാനേജിംഗ്ഡയറക്ടറുമായ മുദാസിര്‍ ഷെയ്ഖ എന്നിവരാണ് കരാര്‍ ഒപ്പിട്ടത്. ദബൈയില്‍ ആര്‍ ടി എ നടപ്പാക്കുന്ന സംയോജിത ഗതാഗത പദ്ധതിക്കു പിന്തുണ നല്‍കുന്നതാണ് പുതിയ കരാര്‍. മെട്രോ, ട്രാം, ബസുകള്‍, മറൈന്‍ ട്രാന്‍സിറ്റ്, ടാക്‌സി എന്നിവ ഉള്‍പെടെ ദുബൈയിയുടെ എല്ലാ ഗതാഗത മാര്‍ഗങ്ങളെയും സംയോജിപ്പിക്കുന്നതാണു പദ്ധതി. ലിമോ സേവന ദാതാക്കള്‍, പാം മോണോ റെയില്‍, ദുബൈ ട്രോളി എന്നിവയെയും ഒന്നിപ്പിക്കാന്‍ പദ്ധതിക്കു കഴിയും. സ്വകാര്യ പങ്കാളിത്തത്തോടെ എമിറേറ്റിലെ ഗതാഗത സൗകര്യങ്ങളും മെച്ചമാക്കുന്നതിന്റെയും ഉപയോക്താക്കള്‍ക്കു കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും നടപടികളുടെ ഭാഗമാണു പുതിയ കരാറെന്ന് അധികൃതര്‍ അറിയിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണം ദുബൈയിയെ ലോകോത്തര സ്മാര്‍ട് നഗരമാക്കി മാറ്റുക, ജനങ്ങള്‍ക്കു സന്തുഷ്ടി പകരുക, സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കും മികച്ച സേവനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു പുതിയ സംരംഭത്തിനു തുടക്കമിട്ടതെന്ന് അല്‍ തായര്‍ പറഞ്ഞു. ആര്‍ ടി എയുമായുള്ള സഹകരണത്തെയും പങ്കാളിത്തത്തെയും മുദാസീര്‍ ഷെയ്ഖ സ്വാഗതം ചെയ്തു. ദുബൈയില്‍ കരീമിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനും സംയോജിത സേവനം ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest