അലപ്പോയില്‍ യു എന്‍ സഹായ വാഹന വ്യൂഹത്തിന് നേരെയുണ്ടായത് വ്യോമാക്രമണം: യു എന്‍

Posted on: October 6, 2016 6:00 am | Last updated: October 6, 2016 at 12:22 am

യു എന്‍: വെടിനിര്‍ത്തല്‍ കരാറിന് ശേഷം യു എന്‍ സഹായ വാഹന വ്യൂഹത്തിന് നേരെ സിറിയയില്‍ നടന്നത് വ്യോമാക്രമണമായിരുന്നെന്ന് സ്ഥിരീകരണം. വടക്കന്‍ നഗരമായ അലപ്പോക്ക് സമീപം ഉറും അല്‍ കുബ്‌റയിലായിരുന്നു യു എന്‍, അറബ് റെഡ്ക്രസന്റ് സഹായ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്നുവെന്ന് മാത്രമാണ് അന്ന് യു എന്‍ സ്ഥിരീകരിച്ചിരുന്നത്. സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെടുകയും ഭക്ഷ്യവസ്തുക്കളും ചികിത്സാ ഉപകരണങ്ങളുമടങ്ങിയ 18 ലോറികള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ആ സമയത്ത് റഷ്യയുടെ രണ്ട് യുദ്ധ വിമാനങ്ങള്‍ ആകാശത്ത് ഉണ്ടായിരുന്നതായി യു എസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം റഷ്യ തള്ളിയിരുന്നു. വാഹന വ്യൂഹത്തിന് തീപ്പിടിക്കുകയായിരുന്നുവെന്നാണ് റഷ്യന്‍ സൈനിക അധികൃതര്‍ വ്യക്തമാക്കിയത്.
സഹായ വാഹനവ്യൂഹത്തിന് നേരെ നടന്നത് വ്യോമാക്രമണം തന്നെയെന്ന് സ്ഥിരീകരിച്ചതായി യു എന്‍ വിദഗ്ധന്‍ ലാര്‍സ് ബ്രോംലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമിയില്‍ രൂപപ്പെട്ട ഗര്‍ത്തത്തിന്റെ വ്യാപ്തി അതാണ് സൂചിപ്പിക്കുന്നത്.
വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന യുദ്ധസാമഗ്രികള്‍ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഭൂമിയിലെ അടയാളങ്ങള്‍ സ്ഥിരീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് തൊട്ടു പിന്നാലെ യു എന്‍ സഹായ വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കിയിരുന്നു. എല്ലാ രാജ്യങ്ങളുടെയും സഹകരണം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.