ലാ ലിഗ ക്ലബ്ബില്‍ കരാര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

Posted on: October 6, 2016 6:00 am | Last updated: October 6, 2016 at 12:20 am

ishanബെംഗളുരു: സ്പാനിഷ് ലാ ലിഗ ക്ലബ്ബുമായി പ്രൊഫഷണല്‍ കരാറില്‍ ഒപ്പുവെക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ഖ്യാതി പതിനെട്ടുകാരനായ ഇഷാന്‍ പണ്ഡിതക്ക് സ്വന്തം. സ്പാനിഷ് ലാ ലിഗയിലേക്ക് പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട ഡിപ്പോര്‍ട്ടീവോ ലെഗാനെസാണ് ബെംഗളുരു സ്വദേശിയായ ഇഷാന്റെ പ്രതിഭയെ വിലക്കെടുത്തത്. നിലവില്‍ ലാ ലിഗയില്‍ പതിനൊന്നാം സ്ഥാനത്താണ് ലെഗാനെസ്. ക്ലബ്ബില്‍ അമ്പതാം നമ്പര്‍ ജഴ്‌സിയാണ് ഇഷാന് ലഭിച്ചത്. ക്ലബ്ബ് വൈസ് പ്രസിഡന്റും ഉടമയുമായ ഫിലിപ് മൊറെനോയാണ് ലെഗാനെസിന്റെ സ്റ്റേഡിയമായ മുനിസിപ്പല്‍ ഡി ബുതാര്‍ക്വുവില്‍ വെച്ച് ജഴ്‌സി ഇന്ത്യന്‍ താരത്തിന് കൈമാറിയത്. ലെഗാനെസിന്റെ സീനിയര്‍ ടീമിലേക്കാണ് ഇഷാന് കരാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ക്ലബ്ബിന്റെ അണ്ടര്‍ 19 ടീമില്‍ കുറച്ച് കാലം കളിക്കേണ്ടി വരും. ഒരു വര്‍ഷത്തെ കരാറാണ് ഇഷാന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌പെയ്‌നില്‍ വിവിധ ക്ലബ്ബുകളുടെ അക്കാദമികളില്‍ ഇഷാന്‍ പരിശീലനം നടത്തി വരുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു ജീവിതത്തിലെ പ്രധാന തീരുമാനം ഇഷാനെടുത്തത്. പഠനം സൈഡാക്കുന്നു, ഫുട്‌ബോളിന് മുഴുവന്‍ ശ്രദ്ധയും. പിതാവ് നീരജ് പണ്ഡിതക്ക് വലിയ എതിര്‍പ്പില്ലായിരുന്നു. യൂറോപ്പില്‍ പ്രൊഫഷണല്‍ ഫുട്‌ബോളറാകണമെന്ന മകന്റെ ആഗ്രഹം അത്ര ചെറുതല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സ്പാനിഷ് സെഗുന്‍ഡ ഡിവിഷന്‍ (രണ്ടാം ഡിവിഷന്‍) ക്ലബ്ബ് യു ഡി അല്‍മെയ്‌റയില്‍ ചേര്‍ന്നു. എട്ട് മാസം അവിടെ കളി പഠിച്ചു. പതിനെട്ട് വയസ് തികയാത്തതിനാല്‍ സ്‌പെയ്‌നില്‍ പ്രൊഫഷണല്‍ കരാര്‍ ഒപ്പുവെക്കുന്നതിന് തടസമുണ്ടായിരുന്നു. മാഡ്രിഡിലെ അല്‍കൊബെന്‍ഡാസ് ക്ലബ്ബിലായിരുന്നു പിന്നീട്. ലാ ലിഗ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യൂത്ത് അക്കാദമി എന്ന് വിശേഷണമുള്ള ക്ലബ്ബാണ് അല്‍കൊബെന്‍ഡാസ്. സ്പാനിഷ് ഫുട്‌ബോള്‍ ശൈലി പഠിച്ചെടുക്കുക ഒരു വിദേശിക്ക് അത്ര എളുപ്പമല്ല, എന്നാല്‍ ഇഷാന്‍ അതെല്ലാം അനായാസം കൈകാര്യം ചെയ്തു. യൂറോപ്പിലെ മികച്ച സ്‌ട്രൈക്കറാകുവാന്‍ വേണ്ട ഗുണങ്ങള്‍ ഇഷാനിലുണ്ടെന്ന് അക്കാദമി ഡയറക്ടര്‍ ജോര്‍ജ് ബ്രൊടോ ബെനവെന്റെ അടിവരയിടുന്നു.
ലെഗാനെസില്‍ ചേരുന്നതിന് മുമ്പ് ലാ ലിഗ ക്ലബ്ബ് ഗെറ്റഫെയില്‍ ട്രയല്‍സിന് പോയിരുന്നു ഇഷാന്‍. കരാര്‍ ലഭിക്കുമെന്ന ഘട്ടത്തില്‍ ഗെറ്റഫെ ലാ ലിഗയില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. ഇതോടെ, ലാ ലിഗ ക്ലബ്ബില്‍ കരാര്‍ എന്ന സ്വപ്നത്തിനായി കാശ്മീരി വേരുകളുളള ഇഷാന്‍ കാത്തിരുന്നു. ലെഗാനെസിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകനിലവാരത്തിലുള്ളതാണെന്നും കരിയറില്‍ വലിയ ചവിട്ടുപടിയാകുമെന്നും ഇഷാന്‍ പറഞ്ഞു.
ലെഗാനെസ്-ബാഴ്‌സലോണ മത്സരം അടുത്തിരുന്ന് കാണാന്‍ സാധിച്ചത് വലിയ അനുഭവമായി. സുവാരസ്, മെസി, നെയ്മര്‍ എന്നിവരുടെ കളി വളരെ അടുത്തു നിന്ന് കാണുക എന്നതില്‍പരം മറ്റെന്തുണ്ടെന്നാണ് യുവതാരം ചോദിക്കുന്നത്. ഭാവിയില്‍ അവര്‍ക്കെതിരെ ഇഷാന്‍ കളിക്കാനിറങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രമുഹൂര്‍ത്തമാകും ഇന്ത്യന്‍ ഫുട്‌ബോളിന്.