57 മാവോയിസ്റ്റുകളും 297 അനുഭാവികളും കീഴടങ്ങി

Posted on: October 6, 2016 5:11 am | Last updated: October 6, 2016 at 12:13 am

റായ്പൂര്‍: 57 മാവോയിസ്റ്റുകളും 297 അനുഭാവികളും പോലീസിന് കീഴടങ്ങി. ഛത്തിസ്ഗഢിലെ സുക്മ ജില്ലയിലാണ് ഇന്നലെ പോലീസിനു മുമ്പാകെ ഇവര്‍ കീഴടങ്ങിയത്.
57 മാവോയിസ്റ്റുകളും 297 അനുഭാവികളും പോലീസ് ഹെഡ്‌ക്വേര്‍ട്ടേഴ്‌സിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് സുഖ്മ പോലീസ് സുപ്രണ്ട് ഇന്ദിര കല്യാണ്‍ എല്‍സേല പറഞ്ഞു. കീഴടങ്ങിയവരില്‍ 17 പേര്‍ പ്രഖ്യാപിത കുറ്റവാളികളാണ്. 17 പേരുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കീഴടങ്ങിയവരില്‍ അധികവും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ മടുത്തവരും അവരുടെ മേഖലകളില്‍ വികസനം ആഗ്രഹിക്കുന്നവരുമാണെന്ന് ഇന്ദിര കല്യാണ്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷ ഭൂമിയായ ബസ്താര്‍ മേഖലയില്‍ ശുഭസൂചകമായാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. മാവോയിസ്റ്റുകള്‍ കീഴടങ്ങുമ്പോള്‍ ബസ്താര്‍ ഐ ജി എസ് ആര്‍ പി കല്ലൂരി, സുഖ്മ കലക്ടര്‍ നീരജ് ബന്‍സോദ്, മറ്റ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനില്‍ സന്നിഹിതരായിരുന്നു.
കെര്‍ലപാല്‍, മാഞ്ചിപ്പാറ, പട്ടേല്‍പ്പാറ, പോറ്റംപ്പാറ, ബോര്‍ഗുധ, ഗോന്ദ്പള്ളി, മോസല്‍പ്പാറ, ജീറാംപല്‍. ബദേസത്തി, പാണ്ടുപാറ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.
മാവോയിസ്റ്റ് സംഘങ്ങളുടെ തുടര്‍ച്ചയായ ചൂഷണങ്ങളിലും ക്രൂരതയിലും അക്രമങ്ങളിലും നിരാശരായതിനാലാണ് മാവോയിസം വിട്ടുപോരാന്‍ തീരുമാനിച്ചതെന്നാണ് കീഴടങ്ങിയവര്‍ പറയുന്നത്.
പ്രോത്സാഹന സമ്മാനമായി കീഴടങ്ങിയ 57 പേര്‍ക്കും 10,000 രൂപ വീതം നല്‍കി. പുറമെ സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ധനസഹായവും ഇവര്‍ക്ക് ലഭ്യമാക്കുമെന്ന് എസ് പി ഇന്ദിര കല്യാണ്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ ബസ്താര്‍ മേഖലയില്‍ നിന്നും 1400ഓളം മാവോയിസ്റ്റുകള്‍ പോലീസിനു മുമ്പാകെ കീഴടങ്ങിയതായി പോലീസ് പറഞ്ഞു.