ദുബൈയില്‍ ചുകപ്പ് സിഗ്‌നല്‍ മറികടന്നതിന് 14,200 കേസുകള്‍

Posted on: October 5, 2016 9:28 pm | Last updated: October 5, 2016 at 9:28 pm

ദുബൈ: ദുബൈ നിരത്തുകളില്‍ ചുകപ്പ് സിഗ്‌നല്‍ മറികടന്നതിന് നടപ്പു വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ രജിസ്റ്റര്‍ ചെയ്തത് 14,200 കേസുകള്‍. നിയമലംഘനം നടന്ന സ്ഥലത്ത് വെച്ചുതന്നെ 498 പേര്‍ക്ക് പിഴ ചുമത്തി. ഡ്രൈവര്‍മാരുടെ അഭാവത്തില്‍ 13,738 പിഴയും ചുമത്തി. ആകെ 14,236 പിഴക്കേസുകളാണ് എട്ടു മാസം കൊണ്ട് രജിസ്റ്റര്‍ ചെയ്തതെന്ന് ദുബൈ ട്രാഫിക് പോലീസ് മേധാവി ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ നിയമലംഘനങ്ങളുടെ എണ്ണം 9.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 15,717 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ചുകപ്പ് സിഗ്‌നല്‍ മറികടക്കല്‍ ഗുരുതരമായതും വളരെ വലിയ പ്രത്യാഘാതം വരുത്തുന്നതുമായ കുറ്റമാണെന്ന് ബ്രിഗേഡിയര്‍ അല്‍ മസ്‌റൂഇ പറഞ്ഞു. ഗുരുതരമായ പരുക്കുകള്‍ക്കും മരണത്തിനും വരെ ഇത് ഇടയാക്കും.
മനുഷ്യജീവന്‍ അപകടത്തിലാകുന്നതോടൊപ്പം വസ്തുവകകളും മറുദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളില്‍ കൂടി ഇടിച്ച് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനും ചുകപ്പ് സിഗ്‌നല്‍ മറികടക്കുന്നത് വഴിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചുകപ്പ് സിഗ്‌നലിന് തൊട്ടുമുമ്പുള്ള മഞ്ഞ സിഗ്‌നല്‍ നിരവധി ഡ്രൈവര്‍മാര്‍ മറികടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും വളരെ അപകടം പിടിച്ച നടപടിയാണ്. വാഹനം മുന്നോട്ടുനീങ്ങി മഞ്ഞ സിഗ്‌നല്‍ മറികടക്കുംമുമ്പ് ചുകപ്പ് തെളിഞ്ഞാലും അപകടസാധ്യതയാണ്.
ചുകപ്പ് സിഗ്‌നല്‍ മറികടന്ന് ആദ്യ എട്ടു മാസത്തില്‍ 87 അപകടങ്ങളുണ്ടായി. 94 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 100 അപകടങ്ങളും 145 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
എട്ടു മാസത്തെ കാലയളവില്‍ മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2,107 ആണിത്. ജനുവരിയില്‍ 2,030ഉം ആഗസ്റ്റില്‍ 1,887 കേസുകളും രജിസ്റ്റര്‍ ചെയ്തു.