Connect with us

Malappuram

ജില്ലയില്‍ സി പി എം കൂട്ടുകെട്ട് മുസ്‌ലിം ലീഗ് അവസാനിപ്പിക്കുന്നു

Published

|

Last Updated

മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പല ഭാഗങ്ങളിലും പ്രാദേശികമായി സി പി എമ്മുമായുണ്ടാക്കിയ കൂട്ടുകെട്ട് മുസ്‌ലിം ലീഗ് അവസാനിപ്പിക്കുന്നു. മുന്നണി ബന്ധം പുന:സ്ഥാപിക്കാന്‍ യു ഡി എഫ് ജില്ലാ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പല പഞ്ചായത്തുകളിലും ബന്ധം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ എത്രയും പെട്ടെന്ന് സി പി എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഘടകകക്ഷികള്‍ക്ക് യു ഡി എഫ് നേതൃത്വം നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സഖ്യം അവസാനിപ്പിക്കാന്‍ നടപടി തുടങ്ങിയത്.
കാളികാവ് പഞ്ചായത്തില്‍ ബന്ധം ഒഴിഞ്ഞതിന് പിന്നാലെ ചോക്കാട് പഞ്ചായത്തിലും യു ഡി എഫ് ഒന്നിക്കുകയാണ്. സി പി എമ്മും ലീഗും ചേര്‍ന്ന് ഭരിക്കുന്ന ചോക്കാട് പഞ്ചായത്തില്‍ സി പി എം അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
പഞ്ചായത്തിലെ കോണ്‍ഗ്രസുകാരനായ വൈസ് പ്രസിഡന്റിനെതിരേ സി പി എമ്മും നോട്ടീസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരെ സി പി എം ആണ് ആദ്യം നോട്ടീസ് നല്‍കിയത്. തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് സി പി എമ്മിലെ ഷാഹിന ഗഫൂറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. ഇതോടെ കാളികാവ് പഞ്ചായത്തിന് പുറമെ ചോക്കാട്ടും യു ഡിഎഫ് സംവിധാനം നിലവില്‍ വരുന്നതിന് വഴി തെളിഞ്ഞു. ലീഗ് -കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഒന്നിച്ചെത്തിയാണ് പ്രസിഡന്റ് ഷാഹിനക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കൂടിയായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനാണ് പ്രസിഡന്റിനെതിരെ നോട്ടീസ് നല്‍കിയത്. എട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്. മുന്നണി സംവിധാനമില്ലാതെ പാര്‍ട്ടികള്‍ ഒറ്റക്ക് മത്സരിച്ച കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എട്ടും സി പി എമ്മിന് ആറും ലീഗിന് നാലും സീറ്റുകളാണ് ലഭിച്ചത്. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ സി പി എമ്മിലെ ഷാഹിന ഗഫൂര്‍ അന്ന് പഞ്ചായത്ത് പ്രസിഡന്റായി.
എന്നാല്‍ ലീഗ് പിന്തുണച്ചിട്ടും സി പി എമ്മിലെ വിഭാഗീയത കാരണം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷണനാണ് വിജയിച്ചത്. അടുത്തിടെ പല വികസന പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തിലും സി പി എമ്മിനെതിരെ ലീഗും കോണ്‍ഗ്രസും യോജിച്ച് നീങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ വണ്ടൂരില്‍ കോണ്‍ഗ്രസ് -ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്ന് ഐക്യമുണ്ടാക്കാനും തീരുമാനിച്ചിരുന്നു. രണ്ട് അവിശ്വാസ പ്രമേയങ്ങളും അടുത്ത ദിവസം ചര്‍ച്ചക്കെടുക്കും.