പരിശീലകര്‍ ആത്മവിശ്വാസത്തില്‍

Posted on: October 5, 2016 6:00 am | Last updated: October 5, 2016 at 12:27 am

happymolina0210കൊച്ചി: ആദ്യമത്സരത്തില്‍ ഏറ്റ പരാജയത്തിന്റെ നിരാശയില്‍ നിന്ന് ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തു കടന്നെന്നും ഇന്നത്തെ മത്സരത്തില്‍ വിജയം സുനിശ്ചിതമെന്നും പരിശീലകന്‍ സ്റ്റീവ് കൊപ്പലും മലയാളി സ്‌െ്രെടക്കര്‍ മുഹമ്മദ് റാഫിയും പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ മത്സരത്തില്‍ മിഡ്ഫീല്‍ഡില്‍ പന്ത് കൈവശം വച്ചു കളിക്കുന്നതില്‍ പാളിച്ച സംഭവിച്ചതാണ് പരാജയത്തിനും മോശം പ്രകടനത്തിനും കാരണമായതെന്ന് സ്റ്റീവ് കൊപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പന്ത് കൂടുതല്‍ കൈവശം വച്ചു കളിക്കാനാകും ഇന്നത്തെ മത്സരത്തില്‍ ടീം ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിലെ തിരിച്ചടിയില്‍ നിന്നാണ് ഈ പാഠത്തിലേക്ക് എത്തിയിരിക്കുന്നതെന്നും ടീമില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പരുക്ക് ടീമില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. രണ്ടാഴ്ച്ചയോളം പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്റോണിയോ ജെര്‍മെയ്ന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എല്ലാ മത്സരങ്ങളിലേക്കും താരങ്ങളെ കരുതി വയ്‌ക്കേണ്ടതുണ്ട്. കൊച്ചിയിലെ പുതിയ ടര്‍ഫിലാണു കളിക്കാനിറങ്ങുന്നത്. മികച്ച ടര്‍ഫാണ് ഇത്. കൊല്‍ക്കത്തക്ക് എതിരെ മികച്ച കളി കാഴ്ചവയ്ക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇയാന്‍ ഹ്യൂം, ഹെല്‍ഡര്‍ പോസ്റ്റിഗ തുടങ്ങിയവര്‍ നയിക്കുന്ന മികച്ച മുന്നേറ്റ നിര കൊല്‍ക്കത്തക്ക് കരുത്താണെന്നും കേരളത്തിന്റെ ആരാധകരുടെ ശക്തി ടീമിന് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീമിലെ താരങ്ങളെല്ലാം ഫിറ്റാണെന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കഠിന പരിശീലനമാണ് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയതെന്നും മലയാളി സ്‌െ്രെടക്കര്‍ മുഹമ്മദ് റാഫി പറഞ്ഞു. ഇന്നത്ത മത്സരത്തില്‍ ജയിക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും റാഫി പറഞ്ഞു.
മികച്ച പ്രകടനത്തിനായാണു കൊല്‍ക്കത്ത എത്തിയിരിക്കുന്നതെന്ന് അത്‌ലറ്റികോ കൊല്‍ക്കത്ത പരിശീലകന്‍ ഹോസെ മൊളീന പറഞ്ഞു. ആദ്യമായാണ് കൊച്ചിയില്‍ വരുന്നത്. മികച്ച സ്‌റ്റേഡിയവും കാണികളുമാണ് കൊച്ചിയിലേതെന്ന് കേട്ടിട്ടുണ്ട്. അറുപതിനായിരത്തോളം വരുന്ന ഗാലറിക്കു മുന്നിലാകും കൊച്ചിയില്‍ കളിക്കേണ്ടി വരികയെന്നതു മികച്ച അനുഭവമായിരിക്കും .
മത്സരങ്ങളില്‍ ഹോം, എവേ എന്നിങ്ങനെ വേര്‍തിരിവില്ല. എല്ലാ മത്സരങ്ങളും ജയിക്കാനായാണു കളിക്കുന്നത്. മികച്ച പ്രകടനം നടത്താനും മികച്ച ഫലം നേടിയെടുക്കാനുമാണു ടീം ശ്രമിക്കുക. കഴിഞ്ഞ സീസണില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ജയിച്ചിരുന്നു. അതൊന്നും പക്ഷേ ഇന്നത്തെ മത്സരത്തെ വിലയിരുത്താന്‍ മതിയാവില്ല. കഴിഞ്ഞത് കഴിഞ്ഞു. പുതിയ ടീമാണ് ഇപ്പോള്‍ കൊല്‍ക്കത്തയെന്നും മുന്‍ വിയ്യാറയല്‍ പരിശീലകന്‍ കൂടിയായ മൊളീന പറഞ്ഞു.