സി പി ഐയില്‍ തര്‍ക്കം

Posted on: October 5, 2016 12:50 am | Last updated: October 5, 2016 at 12:16 am

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സി പി ഐയില്‍ തര്‍ക്കം. ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശമുയര്‍ന്നത്. പ്രതിപക്ഷം സ്വാശ്രയ വിഷയം ഏറ്റെടുത്തത് സര്‍ക്കാറിനെ ദോഷകരമായി ബാധിച്ചെന്നും. പ്രതീക്ഷിച്ചതില്‍ നിന്ന് വിരുദ്ധമായി അവര്‍ക്ക് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞെന്നും സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു. സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഷത്തില്‍ സ്വീകരിച്ച നിലപാടും യോഗത്തില്‍ വിമര്‍ശ വിധേയമായി.
മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി സ്വാശ്രയ മാനേജ്‌മെന്റുകളുമായി കരാര്‍ ഉണ്ടാക്കിയതിനെയും യോഗത്തില്‍ സംസാരിച്ച അംഗങ്ങള്‍ വിമര്‍ശിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷ സമരം അനാവശ്യമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ കാനം രാജേന്ദ്രന്റെയും വി എസ് സുനില്‍കുമാറിന്റെയും അഭിപ്രായങ്ങള്‍ക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നു. കരാറിന്റെ കാര്യം ഔദ്യോഗികമായി സി പി ഐയെ അറിയിച്ചിട്ടില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ ഡി എഫിന് കത്ത് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
എല്‍ ഡി എഫിന് കത്ത് നല്‍കുക മാത്രമല്ല, അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കണമെന്നും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ കത്ത് നല്‍കിയാല്‍ അത് വിവാദമാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യം അറിയിക്കാമെന്ന് കാനം രാജേന്ദ്രന്‍ യോഗത്തെ അറിയിച്ചു.