ജി സി സിയിലെ വാറ്റ് ശേഖരണം: ഈ മാസം മന്ത്രിതല ചര്‍ച്ച

Posted on: October 4, 2016 7:14 pm | Last updated: October 4, 2016 at 7:14 pm

vat_calcദോഹ: മൂല്യവര്‍ധിത നികുതി ശേഖരിക്കാന്‍ ഓരോ രാജ്യത്തും ഏര്‍പ്പെടുത്തേണ്ട സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം ജി സി സി വാണിജ്യ, ധനകാര്യ മന്ത്രിതല യോഗം വിളിക്കാന്‍ ഫിനാന്‍ഷ്യല്‍, ഇക്കണോമിക് കോര്‍പറേഷന്‍ കമ്മിറ്റി തീരുമാനിച്ചു. വാറ്റ് നടപ്പാക്കുന്നതിന് മുമ്പുള്ള നിയമ ചട്ടക്കൂടുകള്‍ രൂപപ്പെടുത്തുന്നതും ചര്‍ച്ച ചെയ്യും. 2018 മുതല്‍ വാറ്റ് നടപ്പാക്കാനാണ് ജി സി സി രാഷ്ട്രങ്ങള്‍ നേരത്തെ തീരുമാനിച്ചത്.
ഖത്വറില്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്)യാണ് 2018ല്‍ നടപ്പാക്കുകയെന്ന് ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ആദ്യമായി പരസ്യമാക്കി. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലയില്‍ മൂല്യവര്‍ധിത നികുതിയുണ്ടാകില്ലെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. 59 അടിസ്ഥാന ഭക്ഷ്യസാധനങ്ങള്‍, മരുന്നുകള്‍, ചില സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവക്കാണ് വാറ്റ് ഏര്‍പ്പെടുത്തുക.
വാറ്റിന് വേണ്ട ഭരണമേഖലയിലെ തയ്യാറെടുപ്പുകളില്‍ വലിയ പുരോഗതി ഖത്വര്‍ കൈവരിച്ചിട്ടുണ്ട്. വ്യവസായ മേഖലയെ വാറ്റിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിലേക്ക് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഖത്വറില്‍ വാറ്റ് സാധ്യതയെ സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്‍ക്കും മറ്റും വ്യത്യസ്ത നിലപാടുകളാണുള്ളത്. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിന് വാറ്റ് അനിവാര്യമാണെന്ന് വിപണി വിശകലന വിദഗ്ധനായ അഹ്മദ് മാഹിര്‍ ചൂണ്ടിക്കാട്ടി. പൊതുസേവനങ്ങള്‍, ആരോഗ്യ മേഖല, റോഡുകള്‍ തുടങ്ങിയവയുടെ നിലവാരം ഉയരുന്നതിനും വാറ്റ് കാരണമാകും. ഉപഭോക്താക്കളാണ് ആത്യന്തികമായി ചെലവ് വഹിക്കേണ്ടി വരികയെന്ന പൊതുതത്വമാണ് വാറ്റില്‍ സ്വീകരിച്ചുവരുന്നത്. നികുതി മാസാടിസ്ഥാനത്തില്‍ അധികൃതര്‍ക്ക് കൈമാറാനുള്ള സംവിധാനം രൂപപ്പെടുത്തേണ്ടി വരും. മൂല്യവര്‍ധിത നികുതി സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഭാരമാകുമെന്നും മറ്റൊരു വിദഗ്ധന്‍ അബ്ദുല്‍ഹാദി അല്‍ ശഹ്‌നവി പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപ ബേങ്കുകള്‍, വാണിജ്യ ബേങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവക്ക് വാറ്റ് ബാധമാക്കിയാല്‍ താഴ്ന്ന വരുമാനക്കാരെ ബാധിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലത്തേക്ക് വ്യവസായ മേഖലക്ക് വലിയ പ്രയോജനമാണ് നികുതി സമ്പദ്‌വ്യവസ്ഥ നല്‍കുന്നതെന്നതാണ് മിന മേഖലയിലെ 59 ശതമാനത്തിന്റെയും പ്രതികരണമെന്ന് തോംസണ്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ അടിസ്ഥാനമാക്കി സാമ്പത്തിക വിദഗ്ധന്‍ ത്വാഹ അബ്ദുല്‍ഗനി പറഞ്ഞു.