Connect with us

Kerala

സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക്; അനുഭാവമറിയിച്ച് നേതാക്കള്‍

Published

|

Last Updated

യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയില്‍ സത്യഗ്രഹം നടത്തുന്നു.

തിരുവനന്തപുരം: നിയമസഭയില്‍ യു ഡി എഫ് എം എല്‍ എമാര്‍ നടത്തുന്ന സത്യഗ്രഹം ഏഴാം ദിവസത്തിലേക്ക് കടന്നു. രാത്രി ഏറെ വൈകിയും നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് എം എല്‍ എ മാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കാനും ആരോഗ്യ സ്ഥിതി അന്വേഷിക്കാനുമായി സമരവേദിയിലെത്തിയത്.
രാവിലെ നിയമസഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോക്ക് നടത്തിയ ഉടനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ എല്ലാ യു ഡി എഫ് എം എല്‍ എമാരും സത്യാഗ്രഹമിരിക്കുന്ന എം എല്‍ എമാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച്് കവാടത്തിലെത്തി സത്യഗ്രഹികള്‍ക്കൊപ്പമിരുന്നു. സത്യഗ്രഹമിരിക്കുന്ന എം എല്‍ എമാരായ ഹൈബി ഈഡന്റെയും, ഷാഫി പറമ്പിലിന്റെയും ആരോഗ്യ നില ഡോക്ടര്‍മാര്‍ സൂക്ഷമമായി നീരീക്ഷിക്കുന്നുണ്ട്. ഇരുവരും ക്ഷീണിതരാണെങ്കിലും സത്യഗ്രഹം തുടരാനാണ് തിരുമാനം. ഷാഫിയുടെ മാതാപിതാക്കള്‍ ഇന്നും സത്യഗ്രഹ വേദിയിലെത്തിയിരുന്നു.ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് എം എല്‍ എമാര്‍ക്ക് എല്ലാ സഹായവുമായി കൂടെയുണ്ടായിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സത്യഗ്രഹ വേദിയിലെത്തി എം എല്‍ എമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു. മുസ്‌ലിം ലീഗിന്റെ നിരവധി എം എല്‍ എമാര്‍ പിന്തുണയുമായി വേദിയിലുണ്ടായിരുന്നു. എം പി മാരായ കെ സി വേണുഗോപാല്‍, കെ വി തോമസ്, എം ഐ ഷാനവാസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍ കെ പ്രേമചന്ദ്രന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ, മുന്‍ എം പിമാരായ കെ സുധാകരന്‍, പീതാംബരക്കുറുപ്പ്, മുന്‍ എ ഐ സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, ബെന്നി ബെഹ്നാന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടി സിദ്ധിഖ്, പി സി വിഷ്ണുനാഥ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് വിവിധ ജില്ലകളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെല്ലാം സത്യാഗ്രഹത്തിന് പിന്തുണയുമായി നിയമസഭാ കവാടത്തിലെത്തിയിരുന്നു.