പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം 15ന്‌

Posted on: October 4, 2016 6:00 am | Last updated: October 3, 2016 at 11:29 pm
SHARE

KUWJ-media-workersകൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാനസമ്മേളനം 15ന് കൊച്ചിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഒ രാജഗോപാല്‍ എം എല്‍ എ ആശംസകളര്‍പ്പിക്കും.
14ന് വൈകിട്ട് മറൈന്‍ഡ്രൈവില്‍ മാധ്യമ സ്വാതന്ത്ര്യ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ അഞ്ച്, എട്ട്, 12,13 തീയതികളില്‍ ദേശീയ സെമിനാറുകളും സംഘടിപ്പിക്കും. അഞ്ചിന് വൈകിട്ട് മൂന്നിന് ‘അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 12ന് ‘മാറുന്ന സമ്പദ്ഘടനയും മാധ്യമപ്രവര്‍ത്തനവും’ സെമിനാറില്‍ മന്ത്രി തോമസ് ഐസക്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പ്രസംഗിക്കും. 13ന് നടക്കുന്ന ‘മാധ്യമങ്ങളും ജുഡീഷ്യറിയും’ സെമിനാര്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. എം എ ബേബി, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, പി എസ് ശ്രീധരന്‍ പിള്ള, വി ഡി സതീശന്‍ എം എല്‍ എ, ആര്‍ എസ് ബാബു, സി നാരായണന്‍ പ്രസംഗിക്കും. കോടതികളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശന സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെയുള്ള ശക്തമായ താക്കീതായി സമ്മേളനം മാറുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ യു ഡബ്ല്യു ജെ സംസ്ഥാനപ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, വൈസ്പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here