ആ നില്‍പ്പ് ഒരു പ്രഖ്യാപനമാണ്

Posted on: October 4, 2016 6:00 am | Last updated: October 3, 2016 at 11:15 pm
SHARE

SIRAJവൈസ് ചാന്‍സലര്‍ അപ്പാറാവുവില്‍ നിന്ന് പി എച്ച് ഡി ബിരുദം സ്വീകരിക്കില്ലെന്ന വേല്‍പുല സുന്‍കണ്ണയുടെ വാശി വകവെച്ചുകൊടുക്കാന്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തയ്യാറായി. രോഹിത് വെമുലയോടൊപ്പം പുറത്താക്കപ്പെട്ട നാല് പേരിലൊരാളായിരുന്നു വേല്‍പുല. മറ്റാരില്‍ നിന്നുമാകാമെന്ന് അറിയിച്ചപ്പോള്‍ ചടങ്ങ് സ്വല്‍പം സ്തബ്ധമായി. അങ്ങനെ പ്രൊ. വൈസ് ചാന്‍സലര്‍ വിപിന്‍ ശ്രീവാസ്തവയില്‍ നിന്ന് അദ്ദേഹം ബിരുദം കൈപ്പറ്റി. ഉടനെ പിന്തുണയുടെ കൈയടികളുമുയര്‍ന്നു. ദളിത് വിവേചനത്തിനെതിരെ പ്രക്ഷോഭം നയിച്ചതിനെ തുടര്‍ന്നാണ് രോഹിത് വെമുലയടക്കം അഞ്ച് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് വെമുല ജീവനൊടുക്കിയത് വലിയ രാഷ്ട്രീയ വിഷയമായി മാറിയിരുന്നു. ബിരുദദാന ചടങ്ങില്‍ വേല്‍പുല സുന്‍കണ്ണയുടെ ശരീരഭാഷ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ജനാധിപത്യപരമായി, പ്രകോപനമോ പ്രകടനപരതയോ ഇല്ലാതെ മാന്യമായി താങ്കളില്‍ നിന്ന് വാങ്ങില്ലെന്ന് മുഖദാവില്‍ പറഞ്ഞപ്പോള്‍ അപ്പാറാവു വല്ലാതെ ചെറുതായിപ്പോയി. നിവര്‍ന്നു നില്‍ക്കാതിരിക്കാന്‍ എന്തുണ്ട് ന്യായം എന്ന് സാഹചര്യം ദളിതരെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്.
ബിരുദം സ്വീകരിക്കാതെ കൈ കെട്ടിനില്‍ക്കുന്ന വേല്‍പുല സുന്‍കണ്ണയുടെ ആ നില്‍പ്പുണ്ടല്ലോ; അതൊരു പ്രഖ്യാപനമാണ്. ക്ഷോഭിക്കാനുള്ള ഒരവസരവും ദളിതന്‍ ഇനി പാഴാക്കില്ല. ഉടലാണ് കീഴാളന്റെ ബാധ്യത. അതാണ് മതപരിവര്‍ത്തനം സാധ്യമായിട്ടും ജാതിപരിവര്‍ത്തനം പറ്റാതെ പോകുന്നത്. വിശ്വാസം മാറുന്നതുപോലെ ഉടല്‍ അഴിച്ചുവെക്കാന്‍ വയ്യല്ലോ. അതുകൊണ്ട് തന്നെയാണ് ആ ചെറുപ്പക്കാരന്‍ നിവര്‍ന്നു നിന്ന് ഉടല്‍ കൊണ്ട് പ്രതിഷേധിക്കുന്നതും. ഏതായാലും ഈ പ്രതിഷേധം അപ്പാറാവുവിനും അപ്പുറം ചിലരെയൊക്കെ പരിഭ്രമിപ്പിക്കും. കുറച്ചായി, ദളിത് പ്രക്ഷോഭങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുന്നു എന്നത് വര്‍ണാശ്രമ ധര്‍മത്തെ അസ്വസ്ഥമാക്കുന്നതാണ്. രോഹിത് വെമുല, ഉന സംഭവങ്ങള്‍ക്ക് ശേഷം ദളിത് യുവത്വം ജാഗരൂകമാണ്. ആക്രമണങ്ങളെ അവര്‍ അവസരമാക്കുന്നു എന്നതാണ് പുതിയ ദളിത് പ്രവണതകളെ കൂടുതല്‍ സമഗ്രമാക്കുന്നത്. ഓരോ ഹിംസയും അവഹേളനവും അടുത്ത പ്രക്ഷോഭത്തിനുള്ള ഇന്ധനമാക്കുന്നു.
അക്രമാസക്തമാകാറുണ്ട് എന്നതാണ് ദളിതരുടെയും മുസ്‌ലിംകളുടെയുമൊക്കെ പ്രക്ഷോഭങ്ങളുടെ പരിമിതിയും വഴക്കവും. ഇക്കാരണത്താല്‍ തന്നെ അത് ഉപയോഗശൂന്യവും പാപവുമാകാറുണ്ട്. അനുഭവങ്ങളാണ് അവരെ അതിവൈകാരികതയിലേക്ക് തള്ളിവിടുന്നതെങ്കിലും അതോടെ ഉന്നയിക്കപ്പെട്ട വിഷയം താഴോട്ട് പോകുകയും സമരം പ്രശ്‌നമാകുകയും ചെയ്യും. ഇപ്പോഴത്തെ ദളിത് പ്രക്ഷോഭം ഇതിനൊരു തിരുത്താണ്. സ്വത്വ സമരങ്ങളോട് അലസ സമീപനം സ്വീകരിച്ചിരുന്ന ഭൂതകാലത്തെ ദളിതരിലെ വിദ്യാസമ്പന്നര്‍ തിരുത്തുകയാണ്. അക്കാദമിസ്റ്റുകളും വിദ്യാര്‍ഥികളും മുന്നോട്ടു വന്നതോടെ കാര്യങ്ങള്‍ ഇനി പഴയതുപോലെയാകില്ലെന്ന് മനുരാഷ്ട്രീയം തിരിച്ചറിയുന്നു. ദളിത് രാഷ്ട്രീയത്തിന്റെ ചൂട് എല്ലാവരും മനസ്സിലാക്കി എന്നതിന്റെ തെളിവാണല്ലോ ബി ജെ പിയുടെ ‘അംബേദ്കര്‍ സബ്കാഹേ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍. ദളിത് ജയന്തികള്‍ തേടി പോകാനും മുഖ്യധാരാ രാഷ്ട്രീയക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇഷ്ടമില്ലാഞ്ഞിട്ടും ഇതൊക്കെ വേണ്ടിവരുന്നു എന്നിടത്താണ് പുതിയ ദളിത് ഉയിര്‍പ്പുകള്‍ പ്രതീക്ഷയാകുന്നത്. ഇനി പഴയപോലെ ആരുടെയും ചാവേറാകാനില്ല എന്നവര്‍ പ്രവൃത്തിയിലൂടെ പ്രഖ്യാപിക്കുന്നു. ജിഗ്‌നേഷ് മേവാനിയുടെ ഗുജറാത്തിലെ പ്രക്ഷോഭത്തില്‍ പഴയ വംശഹത്യക്കാലത്തെ ചാവേറുകള്‍ പലരുമുണ്ടെന്നാണ് വാര്‍ത്ത. തങ്ങളുടെ യഥാര്‍ഥ മിത്രങ്ങളെയും ശത്രുക്കളെയും അവര്‍ തിരിച്ചറിയുന്നു. ദളിതന് ഭക്ഷണവും തൊഴിലും അന്യാധീനപ്പെടുത്താനുള്ള കൗശലമാണ് പശുദേശീയത മുന്നോട്ട് വെക്കുന്ന ഗോവധ നിരോധമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷവിരുദ്ധതയുടെ മേലങ്കിയാല്‍ മറച്ചുവെക്കപ്പെട്ട ഗോവധ നിരോധത്തെ ദളിതര്‍ മനസ്സിലാക്കുന്നു എന്നതാണല്ലോ ഉനക്ക് ശേഷമുയര്‍ന്ന ദളിത് പ്രക്ഷോഭം പറഞ്ഞുതരുന്നത്.
ഏറ്റവുമൊടുവില്‍ ഉനക്ക് ശേഷമുള്ള ദളിത് പ്രക്ഷോഭത്തെ അവഗണിച്ചു നീങ്ങിയ ഗുജറാത്ത് സര്‍ക്കാറിന് മുട്ട് മടക്കേണ്ടിവന്നിരിക്കുന്നു. ദളിത് സംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ദളിത് കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി, ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത, എല്ലാ ദളിത് കുടുംബങ്ങള്‍ക്കും ബി പി എല്‍ കാര്‍ഡ് തുടങ്ങി 11 ആവശ്യങ്ങളാണ് ദളിത് അതിക്രമവിരുദ്ധ സമിതി മുന്നോട്ട് വെച്ചിരുന്നത്. അടിസ്ഥാന ആവശ്യങ്ങളില്‍ അവര്‍ അവകാശവാദമുന്നയിച്ചു തുടങ്ങി എന്നാണ് ഇത് വ്യക്തമാക്കുന്നത്.
എന്തായാലും നിരവധി പ്രതിസന്ധികളെ വകഞ്ഞുമാറ്റിക്കൊണ്ട് വേണം ദളിത് മുന്നേറ്റങ്ങള്‍ക്ക് ചരിത്രം തിരുത്താന്‍. ഈ പരിമിതികള്‍ക്കിടയിലും ഇന്നലകളില്‍ നിന്ന് തട്ടിപ്പറിച്ചത് ഇന്നവര്‍ തിരിച്ചു ചോദിച്ചു തുടങ്ങിയിരിക്കുന്നു; നെഞ്ചുവിടര്‍ത്തി എന്നാല്‍ സൗമ്യമായി.

LEAVE A REPLY

Please enter your comment!
Please enter your name here